ടെൽഅവീവ്: ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്ക് വലിയ തോതിൽ റോക്കറ്റ് ആക്രമണം കടുപ്പിച്ചതായും ഇസ്രായേൽ വ്യക്തമാക്കി.
ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്തുമെന്നും, നിലവിൽ ഹിസ്ബുള്ള ഇതിനാണ് മുൻഗണന കൊടുക്കുന്നതെന്നും ഹിസ്ബുള്ള നേതാവ് മുഹമ്മദ് അഫീഫ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെക്കൻ ലെബനൻ, ബെയ്റൂട്ട്, ബെക്ക എന്നിവിടങ്ങളിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ വർദ്ധിച്ച് വന്നിരിക്കുകയാണ്. തെക്കൻ ലെബനന്റെ കൂടുതൽ ഇടങ്ങളിലേക്ക് ഇസ്രായേൽ സൈന്യം കടന്നതിന് പിന്നാലെയാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ടെൽ അവീവിൽ നടന്നത് തുടക്കം മാത്രമാണെന്നും, യുദ്ധത്തിന്റെ ഒരു ചെറിയഭാഗം മാത്രമാണ് ഇസ്രായേൽ കണ്ടതെന്നുമാണ് അഫീഫ് അവകാശപ്പെടുന്നത്.
” ശത്രുക്കളോട് ഒരു കാര്യം പറയുകയാണ്. ഞങ്ങളുടെ ആക്രമണത്തിന്റ ഒരു വശം മാത്രമേ നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരം ഒരു കേടും കൂടാതെയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ പോരാളികൾ ഇപ്പോഴും ഏറ്റവും മികച്ച നിലയാണുള്ളത്. ശത്രുക്കളെ പരാജയപ്പെടുത്തുക എന്നതിനും, ആക്രമണം നിർത്താൻ അവരെ നിർബന്ധിക്കുക എന്നതിനുമാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഞങ്ങളുടെ സാഹചര്യങ്ങളുമായി ഒത്തുപോകുന്നതാണെങ്കിൽ ഹിസ്ബുള്ള അതിനെ സ്വാഗതം ചെയ്യുമെന്നും” അഫീഫ് പറയുന്നു.