പുത്തൻ നേട്ടത്തിൽ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ പ്രധാൻ മന്ത്രി ഗതിശക്തി. പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ഇതുവരെ 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് സാമ്പത്തിക ഇടനാഴികളുടെ 434 പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവച്ചു. ഊർജ്ജം, ധാതുക്കൾ, സിമൻ്റ് ഇടനാഴികൾ, ട്രാഫിക്കിനെ വഹിക്കാൻ ശേഷിയുള്ള ഇടനാഴി, റെയിൽ സാഗർ തുടങ്ങിയവയാണ് അവ. നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എൻപിജി) ആണ് പദ്ധതികൾ ശുപാർശ ചെയ്യുന്നത്.
2021 ഒക്ടോബർ 13-നാണ് പദ്ധതി ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണ് ഇത്. 44 കേന്ദ്ര മന്ത്രാലയങ്ങളിലും 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎം ഗതിശക്തിയുടെ ഭാഗമായ നിർമാണ, വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലോജിസ്റ്റിക് ചെലവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
500 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന എല്ലാ കണക്ടിറ്റിവിറ്റി -ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളും എൻപിജി വഴിയാണ് നടപ്പിലാക്കുക. എൻപിജി ഇടപെട്ടാൽ മാത്രമേ ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കൂ. പിഎം ഗതി ശക്തി ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഒരു ജില്ലാ മാസ്റ്റർ പ്ലാൻ (ഡിഎംപി) പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.