തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാറിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ പരവൂർ പുത്തൂർ ഭാഗത്ത് നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോൾ അടിയൊഴുക്കിൽപ്പെട്ട് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ശ്രീകുമാർ.
ശക്തമായ അടിയൊഴുക്കുള്ള ബീച്ചാണിത്. ഇവിടെ സുരക്ഷാ ഗാർഡുകളുടെ എണ്ണം കുറവാണെന്ന ആക്ഷേപങ്ങൾ നേരത്തെയും ഉയർന്നിരുന്നു. മാദ്ധ്യമ പ്രവർത്തകന്റെ മരണത്തോടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.















