മാംസം കഴിക്കുന്ന പക്ഷികളെയും സസ്യവും ഫലങ്ങളും ഭക്ഷിക്കുന്ന പക്ഷികളെയും നമുക്ക് അറിയാം. പറന്നു നടന്ന് ചോര കുടിക്കുന്ന പക്ഷിയെ അറിയുമോ? എന്നാൽ അങ്ങനെയൊരു പക്ഷിയുണ്ട്. ഗാലപ്പഗോസ് ദ്വീപുകളിൽ നിന്നുള്ള ഒരു ചെറിയ പക്ഷി. വാമ്പയർ ഗ്രൗണ്ട് ഫിഞ്ച് (ജിയോസ്പിസ സെപ്റ്റെൻട്രിയോണലിസ്) എന്നാണ് ഈ ചെറിയ പക്ഷിയുടെ പേര്.
വുൾഫ്, ഡാർവിൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന മൂർച്ചയുള്ള കൊക്കുകളുള്ള ഗ്രൗണ്ട് ഫിഞ്ചിന്റെ (ജിയോസ്പിസ ഡിഫിസിലിസ്) വളരെ വ്യത്യസ്തമായ ഉപജാതിയായി ഇത് കണക്കാക്കപ്പെട്ടിരുന്നു. പുരുഷന്മാർക്ക് കറുത്ത നിറവും പെൺപക്ഷികൾക്ക് തവിട്ട് വരകളുള്ള ചാരനിറവുമാണ്. അസാധാരണമായ ഭക്ഷണക്രമത്തിന് ഈ പക്ഷി അറിയപ്പെടുന്നു. ഭക്ഷണം കുറയുകയോ ലഭിക്കാതെ വരികയോ ചെയ്താൽ മറ്റ് പക്ഷികളുടെ രക്തം കുടിച്ചാണ് വാമ്പയർ ഗ്രൗണ്ട് ഫിഞ്ച് വിശപ്പ് അകറ്റുന്നത്.
വരണ്ട കാലാവസ്ഥാ സമയത്താണ് ഈ കുഞ്ഞൻ പക്ഷി രക്തം കുടിക്കാൻ ഇറങ്ങുന്നത്. ഈ സമയം സസ്യങ്ങളും വിത്തുകളും കുറവായിരിക്കും. ആഹാരം കുറയുമ്പോൾ വാമ്പയർ ഗ്രൗണ്ട് ഫിഞ്ച് രക്തം തേടിയിറങ്ങും. പല ചെറിയ പക്ഷികളും വലിയ മൃഗങ്ങളിൽ നിന്ന് കീടങ്ങളെയും പരാന്നഭോജികളെയും കുഞ്ഞി തിന്നാറുണ്ട്. വാമ്പയർ ഫിഞ്ചിന്റെ പൂർവ്വികരും ഇതിൽ ഉൾപ്പെട്ടിരുന്നിരിക്കാം. അൽപ്പം കഠിനമായി കുത്തിയപ്പോൾ രക്തം വരികയും അതിന്റെ സ്വാദ് ഇഷ്ടപ്പെട്ടതുമായിരിക്കാം എന്ന് ഗവേഷകർ കരുതുന്നു. നാസ്‌ക ബൂബികൾ പോലെയുള്ള വലിയ കടൽപ്പക്ഷികളുടെ രക്തമാണ് ഇവ കൂടുതലും കുടിക്കുന്നത്.















