ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യുസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ വനിതകൾ. 54 റൺസിനാണ് അവരുടെ തോൽവി. 110 റൺസ് പിന്തുടർന്ന പാകിസ്താൻ 11.4 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. പാകിസ്താന്റെ തോൽവിയോടെ അവർക്കൊപ്പം ഇന്ത്യയും സെമി കാണാതെ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയക്ക് ഒപ്പം ഗ്രൂപ്പ് എയിൽ നിന്ന് കിവീസ് സെമിയിലേക്ക് മുന്നേറി.
മൂന്ന് വിക്കറ്റ് പിഴുത അമേലിയ കെറും രണ്ടു വിക്കറ്റ് നേടിയ ഈഡൻ കാർസനും ചേർന്നാണ് പാകിസ്താനെ തകർത്തത്. ചെറിയ വിജയലക്ഷ്യത്തിൽ കിവീസിനെ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിംഗിൽ പാകിസ്താൻ വനിതകൾ ചീട്ടുകൊട്ടാരം പോലെ തരിപ്പണമായി. രണ്ടുപേർ മാത്രമാണ് രണ്ടക്കം കണ്ടത്.
21 റൺസെടുത്ത ഫാത്തിമ സനയാണ് ടോപ് സ്കോറർ. അഞ്ചുപേർ ഡക്കായി. ന്യൂസിലൻഡിന് വേണ്ടി 28 റൺസെടുത്ത സൂസി ബേറ്റ്സ് ആണ് ടോപ് സ്കോററായത്.നേരത്തെ ഓസ്ട്രേലിയയോട് നിർണായക മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. കഴിഞ്ഞ ദിവസം 9 റൺസിനായിരുന്നു നീലപ്പടയുടെ തോൽവി. ഇതോടയാണ് സെമി തുലാസിലായത്. ആദ്യ മത്സരത്തിൽ കിവീസിനോടും ഇന്ത്യ തോറ്റിരുന്നു.