കണ്ണൂർ; എഡിഎമ്മിന്റെ ആത്മഹത്യയിൽ ആരോപണവിധേയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരിൽ പിപി ദിവ്യയുടെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു.
രാവിലെ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ പളളിക്കുന്നിലെ വീട്ടിലും പ്രതിഷേധം നടന്നിരുന്നു. തെളിവുകൾ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊതുസമ്മതരായ ആളുകളുടെ സാന്നിധ്യത്തിൽ വേണം ഇൻക്വസ്റ്റ് നടപടികൾ നടത്താനെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി നേതാക്കൾ അടക്കം പ്രതിഷേധമുയർത്തിയത്.
മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി ആംബുലൻസിൽ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബിജെപി പിപി ദിവ്യയുടെ കോലവുമായി പ്രതിഷേധം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊല കുറ്റത്തിന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് പറഞ്ഞു.
ക്ഷണിക്കാത്ത സ്ഥലത്ത് വലിഞ്ഞ് കയറി ചെന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ എ.ഡി.എമ്മിനെ ഇരുത്തി നാണം കെടുത്തി ഓവർ സ്മാർട്ട് കാണിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ പാർട്ടി ആർജ്ജവം കാണിക്കണം. കളക്ടറുടെ സാന്നിധ്യത്തിലാണ് ഇതൊക്കെ പറഞ്ഞത്. എന്തുകൊണ്ടാണ് കളക്ടർ അവരോട് നിർത്താൻ പറയാഞ്ഞത്. ഇതൊക്കെ കേട്ട് രസിച്ചിരിക്കേണ്ട ഉദ്യോഗസ്ഥനാണോ കളക്ടർ എന്നും എൻ ഹരിദാസ് ചോദിച്ചു.















