തൃക്കാക്കര: കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെഎസ്യു നേതാവ് അറസ്റ്റിൽ. തൃക്കാക്കര ഭാരത് മാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയും കെഎസ്യു യൂണിറ്റ് മീഡിയ കോ-ഓർഡിനേറ്ററും വീഡിയോ എഡിറ്ററുമായ ശ്രീഹരിയെയാണ് പോലീസ് പിടികൂടിയത്.
2025 ഡിസംബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ രണ്ട് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കോളജ് പരിപാടികളുടെ വീഡിയോ ചിത്രീകരിച്ച ശേഷം അതിൽനിന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഫോട്ടോകൾ ടെലഗ്രാം ചാനിലൂടെ ശ്രീഹരി കൈമാറുകയും അത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളായി തിരികെ ലഭിക്കുകയുമായിരുന്നു. മോർഫ് ചെയ്യുന്നത് എതെങ്കിലും സംഘങ്ങളാണോ അതോ എഐ ബോട്ടുകളാണോ എന്ന് വ്യക്തമല്ല.
അന്വേഷണത്തിനിടെ ശ്രീഹരിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് കോളജ് അധികൃതർ ഇയാളെ പുറത്താക്കുകയും പിന്നീട് പോലീസ് കേസെടുക്കുകയുമായിരുന്നു.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രംഗത്തെത്തി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പ്രതികളെ സംരക്ഷിക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചതും പ്രതിഷേധത്തിന് കാരണമായി.
തുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തി. വിദ്യാർഥി പ്രതിനിധികളും പോലീസും കോളജ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ചർച്ചയിൽ ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കുമെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും കോളജ് അധികൃതർ ഉറപ്പ് നൽകി. സമരം അവസാനിച്ചതിന് പിന്നാലെയാണ് പോലീസ് ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.















