മരണാനന്തര ജീവിതത്തെക്കുറിച്ച് പല വാദങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വെറും വാദങ്ങൾ മാത്രമായാണ് കണക്കാക്കാറുള്ളത്. മരിച്ചുപോയ ആരും ജീവനോടെ വന്നിട്ടില്ലാത്തതിനാൽ മരണാനന്തര ജീവിതത്തെക്കുറിച്ച് ആർക്കും വലിയ പിടിയൊന്നുമില്ല. ഈ സാഹചര്യത്തിലാണ് ഒരു വയോധികയുടെ വാക്കുകൾ വൈറലാകുന്നത്. തീർത്തും അവിശ്വസനീയമായി തോന്നുന്ന ആ വാദമിങ്ങനെ..
68 വയസായ ഷാർലെറ്റ് ഡോക്ടർമാരുടെ പരിശോധനയിൽ മരിച്ചിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് ജീവനുണ്ടെന്ന് തെളിയുകയും ചെയ്തു. ഈ 11 മിനിറ്റിനുള്ളിൽ മരണാനന്തര ജീവിതം അനുഭവിച്ചുവെന്നണ് ഷാർലെറ്റിന്റെ വാദം. സ്വർഗവും നരകവും കണ്ടുവെന്നും ഷാർലെറ്റ് പറയുന്നു.
അവിശ്വസനീയമായ ഈ സംഭവം നടന്ന് 2019ലാണ്. രക്തസമ്മർദ്ദം വർദ്ധിച്ചതോടെയായിരുന്നു ഷാർലെറ്റിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്ന് തന്നെ ആരോഗ്യനില വഷളായി. അവരുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് ഷാർലെറ്റിന്റെ ബോധം പോയി. ക്ലീനിക്കലി അവർ മരിച്ചതായി ഡോക്ടർമാർ വിലയിരുത്തി. ഈ സമയത്ത് താൻ സ്വർഗത്തിലെത്തിയതെന്നാണ് ഷാർലെറ്റ് അവകാശപ്പെടുന്നത്. അവിടെ മാലാഖമാരെയും കുടുംബാംഗങ്ങളെയും കണ്ടു. ഒപ്പം നരകത്തിലെ ചില കാഴ്ചകൾ മിന്നിമറയുന്ന പോലെ കാണുകയും ചെയ്തുവെന്ന് വയോധിക വെളിപ്പെടുത്തി.
സ്വർഗമെന്നത് ഭാവനയിൽ കാണാൻ കഴിയുന്നതിന്റെ ദശലക്ഷക്കണക്കിന് മടങ്ങ് അപ്പുറമാണെന്നാണ് ഷാർലെറ്റ് പറയുന്നത്. മരിച്ചുപോയ തന്റെ മാതാപിതാക്കളെയും സഹോദരിയേയും അവിടെ കാണാൻ കഴിഞ്ഞു. അവർ വളരെ ആരോഗ്യമുള്ളവരും തിളക്കമുള്ളവരുമായി കാണപ്പെട്ടു. അവർക്ക് പ്രായമേ തോന്നുന്നില്ല. അഞ്ച് മാസം ഗർഭിണിയായിരിക്കെ നഷ്ടപ്പെട്ട മകനെയും അവിടെ കണ്ടു. അവനെ കൊച്ചുകുട്ടിയായാണ് കാണപ്പെട്ടത്. അതെങ്ങനെ സംഭവ്യമാകുമെന്ന് ദൈവത്തോട് ചോദിച്ചു. ഗർഭപാത്രത്തിലിരിക്കവെ മരിച്ചുപോയ കുഞ്ഞ് സ്വർഗത്തിലിരുന്ന് വളർന്നുവെന്നാണ് ദൈവം നൽകിയ മറുപടി. – ഷാർലെറ്റ് പറയുന്നു.
നരകത്തിന്റെ ഒരറ്റം കാണാനും കഴിഞ്ഞു. അവിടെ വച്ച് താഴേക്ക് നോക്കിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. അഴുകിയ മാംസത്തിന്റെ ഗന്ധമാണ് അവിടെയുണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ ശരീരം പിന്നോട്ട് വലിയുന്നത് പോലെ തോന്നിയത്. അതോടെ തന്റെ യഥാർത്ഥ ശരീരത്തിലേക്ക് തിരിച്ചെത്തിയെന്നും വയോധിക പറഞ്ഞു.
രണ്ടാഴ്ചയ്‌ക്കുള്ളിൽ ആശുപത്രി വിട്ട അവർ പിന്നീടങ്ങോട്ട് മരണാനന്തര ജീവിതത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കാൻ ആരംഭിച്ചു. 68-ാം വയസിൽ നേരിട്ട അനുഭവം അവർ വിവിധ വേദികളിലെത്തി വെളിപ്പെടുത്തി. ഒടുവിൽ 2023 നവംബർ 28ന് 72-ാം വയസിൽ അവർ ‘ശരിക്കും’ മരിച്ചു. അമേരിക്കയിലെ കാൻസാസിലുള്ള വിഷിറ്റയാണ് സ്വദേശം.