ടി20 ലോകകപ്പിൽ തുടർച്ചയായ എട്ട് ഫൈനലുകളെന്ന കങ്കാരുക്കളുടെ മോഹം തല്ലിക്കെടുത്തി ദക്ഷിണാഫ്രിക്കൻ വനിതകൾ. സെമിഫൈനലിൽ ഓസ്ട്രേലിയയുടെ 135 റൺസ് വിജയലക്ഷ്യം 16 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി പ്രോട്ടീസ് മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ ലോറ വോൾവാർഡും(42) അന്നേകെ(74) ബോഷിന്റെയും 96 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ചരിത്ര ഫൈനലിലേക്ക് നയിച്ചത്.വിജയതീരത്ത് വച്ച് വോള്‍വാര്‍ഡ് പുറത്തായെങ്കിലും ബോഷും കോള്‍ ടൈറോണും(1) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ സ്വപ്ന ഫൈനലിലേക്ക് കൈപിടിച്ചു നടത്തി.
തസ്മിൻ ബ്രിറ്റ്സ് (15) ആണ് പുറത്തായ മറ്റൊരു ബാറ്റർ. 2023ലെ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയായിരുന്നു ഓസിസ് ഹാട്രിക് കിരീടം നേടിയത്. ഇതിനൊരു മധുര പ്രതികാരം കൂടിയായി ഈ സെമി വിജയം. നേരത്തെ ബെത്ത് മൂണിയും(44) ക്യാപ്റ്റൻ താഹില മക്‌ഗ്രാത്തും(27) ചേര്‍ന്നാണ് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
അവസാന ഓവറുകളില്‍ എല്ലിസ് പെറിയും(23 പന്തില്‍ 31), ലിച്ച് ഫീല്‍ഡും(9 പന്തില്‍ 16*) നടത്തിയ രക്ഷാപ്രവർത്തനവും ഓസ്ട്രേലിയയെ സഹായിച്ചു. ഓസ്ട്രേലിയയുടെ ടി20 ലോകകപ്പിലെ തുടർച്ചയായ 15 വിജയങ്ങൾക്കും ദക്ഷിണാഫ്രിക്ക ഫുൾസ്റ്റോപ്പിട്ടു. നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലൻഡ് രണ്ടാം സെമിയെ ജേതാക്കൾ 20ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.















