പാലക്കാട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസും എൽഡിഎഫും പാർട്ടിയുടെ നിലപാടും ആശയവും മറക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ടായെന്ന് പറയാൻ യുഡിഎഫും എൽഡിഎഫും തയ്യാറാകുമോ എന്നും കെ സുരേന്ദ്രൻ ആഞ്ഞടിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എൽഡിഎഫിന്റെ വോട്ടുകളാണ് കഴിഞ്ഞ വർഷം ഷാഫി പറമ്പിലിന്റെ വിജയത്തിന് കാരണമായത്. ഏത് ഡീലിന്റെ ഫലമായാണ് എൽഡിഎഫിന്റെ വോട്ടുകൾ ഷാഫി പറമ്പിലിന് പോയത്. എന്തായിരുന്നു അന്നത്തെ ഡീൽ. ഇക്കാര്യത്തിൽ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ കാരണം വ്യക്തമാക്കണം. സരിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും മറുപടി പറയണം. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നും പറയാനില്ല.
ഇടത് വോട്ട് കിട്ടിയെങ്കിൽ സതീശൻ അത് വ്യക്തമാക്കണം.
ചേലക്കര നിങ്ങൾ എടുക്കൂ, പാലക്കാട് ഞങ്ങൾ എടുക്കാം എന്നതാണ് ഇപ്പോഴത്തെ ഡീൽ. പി വി അൻവറുമായി യുഡിഎഫ് എന്ത് ഡീലാണ് ഉണ്ടാക്കിയത്, അതിന് പ്രത്യുപകാരം എന്താണ്. ഇതൊക്കെ വി ഡി സതീശൻ പറയേണ്ടതുണ്ട്.
പാലക്കാട്- ചേലക്കര വോട്ടെടുപ്പിനും ഒരു അന്തർധാരയുണ്ട്. സിപിഎം മതേതര നിലപാട് സ്വീകരിക്കും എന്നാണ് പറയുന്നത്. എന്നാൽ, വർഗീയ ശക്തികളുടെ വോട്ട് വേണ്ടായെന്ന് പറയാൻ യുഡിഎഫിനും കോൺഗ്രസിനും സാധിക്കുമോ. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നാണ് ഇരു പാർട്ടികളും പറയുന്നത്. നിങ്ങൾക്കിടയിൽ നടക്കുന്ന ഡീൽ എന്താണെന്ന് അറിയാൻ ജനങ്ങൾക്കും ആഗ്രഹമുണ്ട്’.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ സ്വന്തം പാർട്ടിയുടെ ആശയവും നിലപാട് മറന്ന് പ്രവർത്തിക്കുന്നവരാണ് കോൺഗ്രസും എൽഡിഎഫും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിക്ഷിപ്ത താത്പര്യം മുൻനിർത്തിയുള്ള രാഷ്‌ട്രീയത്തിന് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകും. ബിജെപിയെ തോൽപ്പിക്കുക എന്ന അന്തർധാരയുടെ അടിസ്ഥാനത്തിലാണ് ഇരു പാർട്ടികളും പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.