അമരാവതി: വിമാനങ്ങൾക്ക് പിന്നാലെ തിരക്കേറിയ സ്ഥലങ്ങളിലെ ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി. വിശ്വ പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്.
നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ലീലാ മഹൽ, കപിൽ തീർത്ഥം, അലിപിരി എന്നീ ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഹോട്ടലുകളിൽ പാക് ഐഎസ്ഐയുടെ നേതൃത്വത്തിൽ ഐഇഡികൾ സ്ഥാപിച്ചിട്ടുന്നായിരുന്നു സന്ദേശം.11 മണിയോടെ ഹോട്ടൽ ഒഴിയണമെന്നും മെയിലിലുണ്ട്.
സംഭവത്തിന് പിന്നാലെ തദ്ദേശ വകുപ്പ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്നിഫർ ഡോഗും പരിശോധനയിൽ പങ്കുച്ചേർന്നു. പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ലെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.
എൻസിബിയും ഇഡിയും അടുത്തിടെ അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഡിഎംകെ പ്രവർത്തകനായ ജാഫർ സാദിഖ്. ഇയാളുടെ പേര് ഉൾപ്പെടുത്തിയാണ് വ്യാജ ഇ-മെയിൽ സന്ദേശമെത്തിയത്. ജാഫർ സാദിഖിന്റെ അറസ്റ്റിന് പിന്നാലെ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദ്ദമേറി. ലഹരിക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും കുടുംബത്തിന്റെയും പങ്ക് മറച്ചുവയ്‌ക്കുന്നതിന് വേണ്ടിയാണ് ഹോട്ടലുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ബോംബ് ഭീഷണി നൽകുന്നതെന്നും ഇമെയിലിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുപ്പതി ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും കുറ്റവാളികളെ ഉടനെ കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.