കൊച്ചി: ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഭാര്യയേയും സുഹൃത്തിനേയും വെറുതെവിട്ട് കോടതി. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ദേശാഭിമാനി മുൻ ജീവനക്കാരനായിരുന്ന കടുങ്ങല്ലൂർ മുപ്പത്തടം രാമാട്ട് മോഹൻദാസ് (42) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ വെറുതെവിട്ടത്.
മോഹൻദാസിന്റെ ഭാര്യ സീമ (40), വൈക്കം സ്വദേശി ഗിരീഷ്കുമാർ (39) എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു ഉത്തരവ്. 2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് 2018ൽ ശിക്ഷാവിധി പ്രസ്താവിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് പ്രതികൾ മേൽക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ശിക്ഷ റദ്ദാക്കുകയായിരുന്നു ഹൈക്കോടതി.
കൊച്ചി കണ്ടെയ്നർ റോഡിലാണ് കൊലപാതകം നടന്നത്. സീമയും കാമുകൻ ഗിരീഷ്കുമാറും ചേർന്ന് ഗൂഢാലോചന നടത്തി മോഹൻദാസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാൽ സീമയും ഗിരീഷ്കുമാറും ചേർന്നാണ് കൊല നടത്തിയതെന്ന് തെളിയിക്കാൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും വാദം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടത്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, ജി. ഗിരീഷ് എന്നിവരുടേതായിരുന്നു നിരീക്ഷണം.