ചേലക്കര: ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബോർഡുകൾ ഉപയോഗിക്കുന്നതായി ആരോപണം. ചേലക്കര മണ്ഡലത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചു. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഫ്ലക്സ് ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്.
പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കാർഷിക മണ്ഡലമായ ചേലക്കരയിലെ പ്രകൃതിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.