ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വിഷപ്പുകയിൽ ശ്വാസം മുട്ടുകയാണ്. മലിനീകരണം പാരമ്യത്തിലായതോടെ ജനജീവിതം താറുമാറാവുകയാണ്. ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 15 ശതമനാത്തിലേറെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുമനനദിയിലെ കാളിന്ദി കഞ്ജ് മേഖലയിലെ വിഷപ്പത പ്രതിഭാസവും തുടരുകയാണ്.
അരവിന്ദ് കെജ്‌രിവാളിനോടുള്ള രാഷ്‌ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നാണ് ഡൽഹി ജൽ ബോർഡ് വൈസ് പ്രസിഡൻ്റ് വിനയ് മിശ്രയുടെ വിചിത്ര വിശദീകരണം. ഹരിയാന സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും അവഗണിക്കുകയാണെന്നും സർക്കാർ ശത്രുത പുലർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മിശ്ര ഉറപ്പുനൽകി.
യമുനനദിയിലെ അമോണിയയുടെ ഉയർന്ന അളവ് കാരണം നവംബർ ഒന്ന് വരെ ജല വിതരണം മുടങ്ങുമെന്ന് ഡൽഹി ജൽ ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ എഎപി സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്ത് വന്നു. ഡൽഹിയിൽ ജലവിതരണം ഉറപ്പാക്കുന്നതിൽ എഎപി സമ്പൂർണ പരാജയമാണ്. വൻ തോതിൽ മഴ ലഭിച്ചിട്ടും കഴിഞ്ഞ കുറേ മാസങ്ങളായി ജലവിതരണം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടത് ഖേദകരമാണെന്നും ഉത്സവ സീസണോട് അനുബന്ധിച്ച് ജലവിതരണം മുടക്കുന്നത് ശരിയായ നടപടിയല്ലെന്നും ബിജെപിയുടെ ഡൽഹി യൂണിറ്റ് വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.
രണ്ട് തരത്തിലാണ് ഡൽഹിയിലെ ജനങ്ങളെ എഎപി പരാജയപ്പെടുത്തിയതെന്ന് കപൂർ പറഞ്ഞു. യമുനയിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാനായി ശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അമോണിയ ഫലപ്രദമായി സംസ്‌കരിക്കാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായു നിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തുമ്പോഴും അനക്കമില്ലാതെ തുടരുകയാണ് ഡൽഹി സർക്കാർ. അയൽ സംസ്ഥാനങ്ങളുടെ മേൽ കുറ്റം ആരോപിച്ച് കൈകഴുകുന്ന നിലപാടാണ് ആംആദ്മി സർക്കാർ സ്വീകരിക്കുന്നത്. ഹരിയാനയിൽ നിന്നുള്ള വ്യാവസായിക മാലിന്യങ്ങളാണ് യമുനാ നദിയിലെ വിഷപ്പതയ്‌ക്ക് കാരണമെന്നാണ് എഎപിയുടെ ആരോപണം. വ്യവസായശാലകളിൽ ഉപയോഗിക്കുന്ന ഡിറ്റർജെൻ്റുകളിലെ ഉയർന്ന ഫോസ്ഫറസിന്റെയും മറ്റ് രാസവസ്തുക്കളുടെയും അംശമാണ് വിഷപ്പതയ്‌ക്ക് കാരണമെന്നാണ് റിപ്പോർട്ട്.