മലയാലപ്പുഴ: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തളളിയതിന് പിന്നാലെയായിരുന്നു പ്രതികരണം. പൊലീസ് അവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണം. ഇതുവരെ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്നും കോന്നി തഹസീൽദാർ കൂടിയായ മഞ്ജുഷ പറഞ്ഞു.
സംഭവത്തിൽ കളക്ടറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും മഞ്ജുഷ തുറന്നടിച്ചു. നവീൻ ബാബുവിനെ അധിക്ഷേപിച്ചപ്പോൾ കളക്ടർ അതിൽ ഇടപെടേണ്ട ഒരാളായിരുന്നു. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക്കൽ ചാനലിനെ കൊണ്ടുവന്ന് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. അവിടെ ഇടപെടണമായിരുന്നു. ആ ഒരു വേദിയിലല്ല അതേക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നതെന്നും മഞ്ജുഷ പറഞ്ഞു.
റവന്യൂവകുപ്പിൽ ഏറ്റവും നന്നായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും മഞ്ജുഷ പറഞ്ഞു. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവർക്ക് അദ്ദേഹം ഏത് തരത്തിലുളള ആളായിരുന്നുവെന്ന് അറിയാം. ടൗൺ പ്ലാനിങ്ങിൽ നിന്ന് റിപ്പോർട്ട് വരാൻ താമസിച്ചതുകൊണ്ടാണ് പെട്രോൾ പമ്പിനുളള അനുമതി വൈകിയത്. ഈ സംഭവത്തിന് ശേഷം അക്കാര്യങ്ങളൊക്കെ പുറത്തുവന്നതാണ്.
പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സമ്മർദ്ദത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും സാധാരണ പറയാറില്ലെന്ന് മഞ്ജുഷ പറഞ്ഞു. സംഭവമുണ്ടായ രാത്രി വിളിച്ചിരുന്നു. ട്രെയിൻ കയറി എന്നാണ് തന്നോട് പറഞ്ഞതെന്നും അവർ പറഞ്ഞു.















