തിരുവനന്തപുരം: പിപി ദിവ്യയുടെ അറസ്റ്റ് നാടകത്തിനെതിരെ പ്രതിഷേധവുമായി മഹിളാ മോർച്ച. മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സമരഗേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യയുടെ അറസ്റ്റിനെച്ചുറ്റിപ്പറ്റി പൊലീസ് നടത്തുന്ന നാടകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ പിന്നീട് പി.പി ദിവ്യയുടെ കോലം കത്തിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി രമ മാർച്ച് ഉദ്ഘാടനം ചെയ്തു.
ദിവ്യയുടെ അറസ്റ്റ് വെറും പ്രഹസനമാണെന്നും ദിവ്യയെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസും സർക്കാരും സ്വീകരിച്ചതെന്നും വി.ടി രമ ആരോപിച്ചു. മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജയ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന മാർച്ചിൽ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് ആർ.സി ബീന, ബിജെപി ജില്ലാ സെക്രട്ടറി ബീന മുരുകൻ, കൗൺസിലർമാരായ പത്മ, അർച്ചന, ബിന്ദു എസ് ആർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.