ന്യൂഡൽഹി: അതിർത്തി മേഖലകളിൽ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. അമേരിക്ക സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ” ഇന്ത്യയുടേയും ചൈനയുടേയും അതിർത്തി മേഖലകളിൽ നടക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും” മാത്യു മില്ലർ വ്യക്തമാക്കി. അതേസമയം കിഴക്കൻ ലഡാക്ക് മേഖലയിലുള്ള ദെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ഏതാണ്ട് പൂർണമായതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങളടക്കം ഇരുപക്ഷത്ത് നിന്നുമുള്ള സൈനികർ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാവും പരസ്പരം ഇത് പരിശോധിച്ച് വരികയാണ്. 2020ൽ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിന് മുൻപുള്ള സ്ഥിതി പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വളരെ വേഗത്തിൽ തന്നെ ഈ പ്രക്രിയ മുന്നോട്ട് പോകുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.