വിജയവാഡ: വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ എസ് ശർമ്മിളയും തമ്മിലുള്ള തർക്കത്തിൽ ശർമ്മിളയെ പിന്തുണച്ച് അമ്മ വൈ എസ് വിജയമ്മ. ശർമ്മിളയ്‌ക്ക് പിന്തുണ നൽകുന്ന കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മകൾക്ക് ന്യായമായത് ലഭിക്കണമെന്നും, അമ്മയ്‌ക്ക് കുട്ടികൾ എല്ലാവരും ഒരുപോലെയാണെന്നും വിജയമ്മ കത്തിൽ പറയുന്നു. ശർമ്മിള കുടുംബ ബിസിനസിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നും, ജഗൻ മോഹന്റെ നിർദ്ദേശപ്രകാരം അവർ രാഷ്‌ട്രീയത്തിൽ നിസ്വാർത്ഥമായാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും വിജയമ്മ ചൂണ്ടിക്കാണിക്കുന്നു.
” ജഗന് രാഷ്‌ട്രീയത്തിൽ നല്ലൊരു സ്ഥാനം ഉണ്ടാക്കി നൽകാൻ ശർമ്മിള വളരെ അധികം പ്രയത്‌നിച്ചിട്ടുണ്ട്. അമ്മയെന്ന നിലയിൽ എല്ലാ മക്കളും എനിക്ക് ഒരുപോലെയാണ്. അതിൽ ഒരാൾ മാത്രം അനീതി നേരിടുന്നത് സഹിക്കാനാകാത്ത കാര്യമാണ്. ന്യായമായത് ലഭിക്കാത്ത കുട്ടിക്ക് വേണ്ടി സംസാരിക്കുക എന്നത് അമ്മയെന്ന നിലയിൽ എന്റെ കടമയാണ്. ഇപ്പോൾ നടക്കുന്ന ഓരോ സംഭവങ്ങളും എനിക്ക് വലിയ വേദനയുണ്ടാക്കുന്നതാണ്.
എന്റെ ഭർത്താവ് രാജശേഖര റെഡ്ഡി ജീവിച്ചിരുന്ന സമയത്ത് വളരെ സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. സ്വത്ത് ആ സമയത്ത് വിഭജിച്ചിട്ടില്ല. ചിലത് മക്കളുടെ പേരിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കുടുംബത്തിൽ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. പലപ്പോഴും ഇതെല്ലാം തടയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒന്നും നടക്കാതെ പോവുകയായിരുന്നു. പക്ഷേ കുടുംബത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. അത് ആർക്കും നല്ലതിനല്ല.
വൈഎസ്ആർ ജീവിച്ചിരുന്ന സമയത്ത് ചില സ്വത്തുക്കൾ ജഗന്റെ പേരിലും ചിലത് ശർമ്മിളയുടെ പേരിലും മാറ്റി. അതൊരിക്കലും സ്വത്ത് വിഭജിച്ചതല്ല. അവർക്കതിന്റെ ചുമതലകൾ നൽകിയതാണ്. മക്കൾക്ക് തുല്യമായി ഓഹരികൾ നൽകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അതാണ് സത്യവും. ജഗൻ ഈ ആസ്തികളെല്ലാം വലുതാക്കിയെടുക്കാൻ വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊരിക്കലും ഒരാളുടേത് മാത്രമല്ല, കുടുംബത്തിന്റെ മൊത്തം സ്വത്താണ്. വൈഎസ്ആറിന്റെ മരണത്തിന് ശേഷവും 2019 വരെ ഇരുവരും ഒന്നിച്ച് തന്നെയാണ് ജീവിച്ചത്.
ധാരണാപത്രം പ്രകാരം കൊടുത്തത് ഒന്നും ജഗന്റെ സമ്മാനങ്ങളല്ല, മറിച്ച് ശർമ്മിളയ്‌ക്ക് അവകാശപ്പെട്ടതാണ്. അത് കൊടുക്കേണ്ടത് ജഗന്റെ കടമയാണ്. എന്നാൽ കരാറിൽ പറയാത്ത സ്വത്തുക്കളുടെ പേരിൽ പ്രശ്‌നങ്ങളുണ്ടായി. ഇപ്പോൾ പലരും പല കള്ളങ്ങളും പ്രചരിപ്പിക്കുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്. അവർ സഹോദരങ്ങളാണ്. ഇത് അവർക്കിടയിലുള്ള പ്രശ്‌നമാണ്. അത് അവർ തന്നെ പരിഹരിക്കും. രാജശേഖര റെഡ്ഡി ജീവിച്ചിരുന്നുവെങ്കിൽ ഈ സ്വത്ത് പ്രശ്‌നം വരില്ലായിരുന്നു. ഈ വിവാദങ്ങളും. നിരുത്തരവാദപരമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും” വിജയമ്മ തന്റെ കത്തിൽ പറയുന്നു.