അഹമ്മദാബാദ്: ടീമിനുവേണ്ടി തന്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പ്രധാന കളിക്കാരെ നിലനിർത്തി കൂടുതൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് ഗിൽ തന്റെ ശമ്പളം കുറയ്‌ക്കുന്നതെന്നാണ് സൂചന. അതേസമയം ശുഭ്മാൻ ഗിൽ ഉൾപ്പെടെ 5 കളിക്കാരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. നവംബർ അവസാനവാരമായിരിക്കും ഐപിഎൽ മെഗാ ലേലം നടക്കാൻ സാധ്യത.
സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ്സുദർശൻ എന്നിവരോടൊപ്പം അൺക്യാപ്ഡ് കളിക്കാരായ രാഹുൽ തെവാട്ടിയയും ഷാരൂഖ് ഖാനും ടീമിൽ തുടരും. അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് വഴി സ്ക്വാഡിലെ മറ്റൊരു താരത്തെ നിലനിർത്താനുള്ള ഓപ്ഷനും ടൈറ്റൻസിനുണ്ടാകും. നിലവിൽ ആറുകളിക്കാരെവരെ ഒരു ടീമിന് നിലനിർത്താൻ സാധിക്കും.
കളിക്കാരെ നിലനിർത്താൻ മെഗാ ലേലത്തിനുമുൻപ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഓരോ ടീമിനും പേഴ്സിൽ 120 കോടിയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്നത്. ടീമിലെ ആദ്യത്തെ കളിക്കാരനെ നിലനിർത്തുമ്പോൾ 18 കോടി നഷ്ടമാകും. നിലനിർത്തുന്ന രണ്ടാമത്തെയാൾക്ക് 14 കോടിയും മൂന്നാമത്തെ കളിക്കാരന് 11 കോടിയും നൽകണം. അതേസമയം അൺക്യാപ്ഡ് കളിക്കാരാണെങ്കിൽ ഒരാൾക്ക് 4 കോടി രൂപ വീതം മുടക്കണം. 5 ക്യാപ്ഡ് കളിക്കാരെ നിലനിർത്തിയാൽ ഒറ്റയടിക്ക് 75 കോടി ടീമിന്റെ പേഴ്സിൽ നിന്നും പോകും.