വമ്പൻ താരനിരയുമായി ആക്ഷൻ-ഡ്രാമ ജോണറിൽ എത്തിയ രജനികാന്ത് ചിത്രം ‘വേട്ടൈയൻ’ വേണ്ടത്ര രീതിയിൽ തീയേറ്ററിൽ ശോഭിക്കാതെ പോയ സിനിമയായിരുന്നു. അതിനാൽ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും ഒടിടി സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് വേട്ടൈയൻ സ്ട്രീം ചെയ്യുക. നവംബർ എട്ടിനാണ് ഒടിടി റിലീസ്. തമിഴ് ചിത്രത്തിന്റെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഡബ്ബുകളും പ്രൈമിൽ ലഭ്യമായിരിക്കും.
ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും മഞ്ജു വാര്യരും കൂടെ ബിഗ്ബിയും അണിനിരന്നിരുന്നു. ഒക്ടോബർ പത്തിന് തീയേറ്ററിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ തന്നെ സമ്മിശ്രപ്രതികരണങ്ങളായിരുന്നു നേടിയത്. വൈകാതെ തീയേറ്ററിൽ ജനം കൈവിടുകയും ചെയ്തു. 160 കോടി ബജറ്റിൽ ഒരുക്കിയ സിനിമ 21 ദിവസം കൊണ്ട് ആ251 കോടി മാത്രമാണ് ഗോളതലത്തിൽ നേടിയത്.
സാമൂഹിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന സിനിമയിൽ രജനികാന്തിനെ ഉപയോഗിച്ചത് പ്രശംസനീയമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രേക്ഷകരെ ആകർഷിക്കുന്ന കഥ ഒരുക്കുക എന്നതിൽ വേട്ടൈയൻ പരാജയപ്പെട്ടുവെന്നാണ് നിരൂപകർ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ ആദ്യപകുതി മികച്ചരീതിയിൽ എഴുതി ഫലപ്പിച്ചെങ്കിലും രണ്ടാം പകുതി തികച്ചും പ്രവചിക്കാൻ കഴിഞ്ഞുവെന്നത് പ്രേക്ഷകരെ നിരാശയിലാക്കി. കൂടാതെ ഫഹദിന്റെ പ്രകടനത്തിൽ വ്യത്യസ്തതയില്ലാതെ പോയതും മലയാളികൾക്ക് കല്ലുകടിയായിരുന്നു. ‘ഞാൻ പ്രകാശൻ’ സ്റ്റൈൽ തന്നെയാണ് ഫഹദ് ആവർത്തിച്ചതെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.