എറണാകുളം: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഭരണസമിതി അംഗം പിടിയിൽ. പെരുമ്പാവൂർ സ്വദേശിയും മുസ്ലീം ലീഗ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷറഫാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്.
ഷറഫ് ഉൾപ്പെടുന്ന ഭരണസമിതി 33 കോടി രൂപയിലധികം സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതോടെ ഷറഫ് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി.
കോൺഗ്രസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കാണിത്. കേസിൽ ഷറഫ് ഉൾപ്പെടെ 18 കോൺഗ്രസ് നേതാക്കൾ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഷറഫ് കേസിലെ പത്താം പ്രതിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.















