ആപ്പിളും ബീറ്റ്റൂട്ടും കാരറ്റുമടങ്ങിയ മിക്സഡ് ജ്യൂസ് ആണ് എബിസി ജ്യൂസ്. ഇത് തയാറാക്കാൻ 5 മിനിറ്റ് സമയം പോലും ആവശ്യമില്ല. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കിടയിൽ ഇപ്പോൾ എബിസി ജ്യൂസ് ആണ് താരം. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളും വിറ്റാമിനുകളും മറ്റ് ആരോഗ്യ ഗുണങ്ങളുമാണ് ആളുകളെ എബിസി ജ്യൂസിന്റെ ആരാധകരാക്കി മാറ്റിയത്.
100 മില്ലി എബിസി ജ്യൂസിൽ 45 മുതൽ 50 കിലോ വരെ കലോറി അടങ്ങിയിരിക്കുന്നു. മാത്രമല്ല 10 -12 ഗ്രാം കാർബോഹൈഡ്രേറ്റ്, 8-9 ഗ്രാം വരെ പഞ്ചസാര, 0.5 ഗ്രാം പ്രോട്ടീൻ എന്നിവയും മറ്റ് അവശ്യ വിറ്റാമിനുകളും ഈ ജ്യൂസിലുണ്ട്. രണ്ട് ഇടത്തരം വലിപ്പമുള്ള കാരറ്റ്, 3 ആപ്പിൾ ഒരു ബീറ്റ്റൂട്ട് എന്നിവ ചെറുതായി നുറുക്കി ജ്യൂസറിൽ അരച്ചെടുത്ത് നന്നായി മിക്സ് ചെയ്താൽ എബിസി ജ്യൂസ് റെഡി. ഇതിൽ പഞ്ചസാര ചേർക്കേണ്ടതില്ല.
ആപ്പിൾ , ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ നിന്നുള്ള പോഷകങ്ങൾ ഇതിൽ നിന്നും ലഭിക്കും. ഇത് മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശ്വേത രക്താണുക്കളുടെയും ഹീമോഗ്ലോബിന്റെയും ഉൽപാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ എബിസി ജ്യൂസ് സഹായിക്കും. അവയവങ്ങളെ ശുദ്ധീകരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ശരീരത്തിലെ വിഷവസ്തുക്കൾ ഇല്ലാതാക്കാനും എബിസി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
എബിസി ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റി നിർത്തും കൂടാതെ മുടിവളർച്ചയ്‌ക്കും എബിസി ജ്യൂസ് മികച്ചതാണ്. ഉയർന്നതോതിൽ ഫൈബറുകൾ ഉള്ളതിനാൽ ഇത് ദഹനവും മെച്ചപ്പെടുത്തും. ദഹനപ്രശനങ്ങൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ക്ഷീണം കുറയ്‌ക്കാനും ജ്യൂസ് ഗുണം ചെയ്യും. കുറഞ്ഞ കലോറിയുള്ള എബിസി ജ്യൂസ് ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ഒരു ഡ്രിങ്ക് ആണ്.