കൂടുതൽ വോട്ട് ലഭിക്കുന്നവർ ഭരണതലപ്പത്തേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് പതിവ്. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ തെരഞ്ഞെടുപ്പ്. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. കൂടുതൽ വോട്ട് കിട്ടുന്നയാൾ തന്നെ തെരഞ്ഞെടുക്കപ്പെടണമെന്ന് നിർബന്ധമില്ലെന്നാതാണ് അമേരിക്കൻ തെരഞ്ഞെടുപ്പിലെ രസകരമായ കാര്യവും സങ്കീർണതയേറിയതും.
നാല് വർഷം കൂടുമ്പോഴാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു വർഷത്തോളം നീണ്ട് നിൽക്കുന്ന നടപടിക്രമങ്ങൾക്കൊടുവിലാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുക. നവംബറിലെ ആദ്യത്തെ ചൊവ്വാഴ്ചയാകും പൊതു തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ പൊതുതെരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്ത് നേരിട്ട് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്ന രീതിയല്ല ഇവിടെയുള്ളത്. ഓരോ സംസ്ഥാനവും ഏത് പാർട്ടിക്ക് അല്ലെങ്കിൽ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭിപ്രായമാണ് പൊതുതെരഞ്ഞെടുപ്പിലൂടെ അറിയാൻ സാധിക്കുക.
ഇലക്ടറൽ കോളേജിലൂടെയാണ് അമേരിക്കയുടെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ അഭിപ്രായം ആരാഞ്ഞ ശേഷം കൂടുതൽ പിന്തുണ ലഭിക്കുന്ന പാർട്ട് അവിടെ ഇലക്ടറൽമാരെ നിയമിക്കുന്നു. എല്ലാ സംസ്ഥാനത്തെയും ഇലക്ടറൽ കോളേജ് അംഗങ്ങൾ ചേർന്ന് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും തെരഞ്ഞെടുക്കുന്നു.
അമേരിക്കൻ പാർലമെൻ്റ് യുഎസ് കോൺഗ്രസ് എന്നാണ് അറിയപ്പെടുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിങ്ങനെ രണ്ട് സഭകളാണ് യുഎസ് കോൺഗ്രസിനുള്ളത്. 50 സംസ്ഥാനങ്ങളിൽ നിന്നായി 435 അംഗങ്ങളാണ് ജനപ്രതിനിധിസഭയിലുള്ളത്. എല്ലാ സംസ്ഥാനങ്ങൾക്കും രണ്ട് വീതം സെറ്റർമാരും ഉണ്ടാകും, അതായത് ആകെ 100 സെനറ്റർമാർ. അങ്ങനെ 538 അംഗങ്ങളാണ് ഇരുസഭകളിലുമായി യുഎസ് കോൺഗ്രസിനുള്ളത്. 538 ഇലക്ടർമാരുമുണ്ടാകും. 270 ആണ് കേവലഭൂരിപക്ഷം. ഓരോ സംസ്ഥാനത്തും ജനസംഖ്യക്ക് ആനുപാതികമായാണ് ഇലക്ടറൽമാരെ നിയമിക്കുന്നത്.
ഏഴ് സ്വിംഗ് സ്റ്റുകളാണ് യുഎസ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാർട്ടിയെ പിന്തുണയ്‌ക്കുന്നു. എന്നാൽ സ്വിംഗ് സ്റ്റേറ്റുകൾ പേരു പോലെ തന്നെ ചാഞ്ചാടുന്നു. അവർ ആരെ പിന്തുണയ്‌ക്കുമെന്ന് കണ്ടറിയണം. ഈ സ്റ്റേറ്റുകൾ ചരിത്രപരമായി രണ്ട് കക്ഷികളുമായി യോജിക്കാറില്ല. അരിസോണ, ജോർജിയ, മിഷഗൺ, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ,വിസ്കോൺസിൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് ഇത്തവണത്തെ സ്വിംഗ് സ്റ്റേറ്റുകൾ. ഇവിടെയാകും പോരാട്ടം കടുക്കുക.
ഡിസംബർ 17-ന് 538 ഇലക്ടർമാരും പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും. 2025 ജനുവരി ആറിന് ഈ വോട്ടുകൾ അമേരിക്കൻ കോൺഗ്രസിന് മുൻപാകെ എണ്ണിത്തിട്ടപ്പെടുത്തും. സെനറ്റ് അദ്ധ്യക്ഷനാകും രണ്ട് സ്ഥാനാർത്ഥികൾക്കും ലഭിച്ച് വോട്ട് പ്രഖ്യാപിക്കുക. ജനുവരി 20-ന് പുതിയ പ്രസിഡൻ്റ് ഔദ്യോഗികമായി ചുമതലയേൽക്കും. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിന് പിന്നാലെ ഇലക്ടറൽ കോളേജ് പിരിച്ചുവിടും.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും തമ്മിലാണ് ഇത്തവണ മത്സരം. ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് ഭരണസാരഥിയാകുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കമലയാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ചരിത്രമെഴുതും. സ്വിംഗ് സ്റ്റേറ്റുകളിൽ ട്രംപ് നേരിയ വ്യത്യാസത്തിൽ മുന്നേറുകയാണെന്നാണ് നിലവിലെ പോളിംഗ് ഡാറ്റ പ്രകാരം പറയുന്നത്.