ഏറ്റവും ആരോഗ്യപ്രദവും ജനപ്രിയവുമായ ഒരു ലഘുഭക്ഷണമാണ് പോപ്കോൺ. നിരവധി പോഷകങ്ങൾ പോപ്കോണിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് എന്തെല്ലാം ചേർത്ത് തയ്യാറാക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചസാര, ഉപ്പ്, ചീസ് തുടങ്ങിയവ വലിയ അളവിൽ ചേർക്കാതെ പോപ്കോൺ തയ്യാറാക്കി കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്. അല്ലാതെ കഴിക്കുകയാണെങ്കിൽ ആരോഗ്യപ്രദമായ ഈ ലഘുഭക്ഷണം ഏറ്റവും അനാരോഗ്യപ്രദമായി മാറും. ആരോഗ്യപ്രദമായ രീതിയിൽ കഴിച്ചാൽ തടികുറയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഭക്ഷണമാണിത്.
ചോളം ചൂട് തട്ടുമ്പോൾ പെട്ടെന്ന് പൊന്തിവരുന്നതാണ് (“pops”) പോപ്കോൺ. അമേരിക്കയിലെ ഏറ്റവും ജനപ്രിയ ലഘുഭക്ഷണമെന്ന ഖ്യാതി കാലങ്ങളായി പോപ്കോണിന് സ്വന്തവുമാണ്. നിരവധി വിറ്റമിനുകളും ധാതുക്കളും പോപ്കോണിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ ബി1, ബി3, ബി6, അയേൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, കോപ്പർ, മാംഗനീസ് എന്നിവ പോപ്കോണിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കലോറി, പ്രോട്ടീൻ, കാർബ്സ്, ഫാറ്റ്, ഫൈബർ എല്ലാം അടങ്ങിയതാണ് പോപ്കോൺ. ആന്റിഓക്സിഡന്റായ പോളിഫെനോൾ പോപ്കോണിലുണ്ട്. ഫൈബർ സമ്പന്നമാണെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കലോറി കുറവായതിനാൽ ഭാരം കുറയ്‌ക്കാൻ താത്പര്യപ്പെടുന്നവർക്ക് പോപ്കോൺ കഴിക്കാം.
എന്നാൽ മാർക്കറ്റുകളിലും സിനിമാഹാളിന് പുറത്തും ലഭിക്കുന്ന പോപ്കോണിൽ നിറയെ കലോറിയുണ്ട്. കൂടാതെ അനാരോഗ്യകരമായ നിരവധി ചേരുവകളും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ആരോഗ്യപ്രദമായ രീതിയിൽ പോപ്കോൺ ഉണ്ടാക്കേണ്ടത് പ്രധാനമാണ്. ഇത് തയ്യാറാക്കുന്നതിങ്ങനെ..
3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
അരക്കപ്പ് പോപ്കോൺ കെർണൽസ് (popcorn kernels)
അര ടീസ്പൂൺ ഉപ്പ്
കുക്കറിൽ വെളിച്ചെണ്ണയും പോപ്കോൺ കെർണൽസും ഇട്ട് ചൂടാക്കുക, ഒരു പാത്രം കൊണ്ട് കുക്കർ മൂടിവച്ച് വേണം ചൂടാക്കാൻ. മൂന്ന് മിനിറ്റ് നേരത്തിനുള്ളിൽ, എല്ലാ കെർണൽസും പൊട്ടിവിരിയും, ഇതോടെ ഗ്യാസ് ഓഫാക്കുക. പൊട്ടിവിരിഞ്ഞ പോപ്കോണിൽ ഉപ്പ് വിതറി കഴിക്കാം. ഇത്തരത്തിൽ തയ്യാറാക്കുന്ന പോപ്കോൺ അനാരോഗ്യകരമല്ല. ധൈര്യമായി കഴിക്കാവുന്നതാണ്.