രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ബോളിവുഡ് ചിത്രം ‘രാമായണ’ത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ആരാധകർക്കുള്ള സന്തോഷവാർത്തയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവയ്‌ക്കുന്നത്. രാമായണത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി.
രണ്ട് ഭാഗങ്ങളായാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവിയോടനുബന്ധിച്ചും രണ്ടാം ഭാഗം 2027 ദീപാവലിയോടനുബന്ധിച്ചും പുറത്തിറങ്ങും. സിനിമയുടെ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് നിതേഷ് തിവാരിയാണ്. നിർമാതാവ് നമിത് മൽഹോത്രയാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.
” 500 വർഷത്തിലധികമായി കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഇതിഹാസം സ്‌ക്രീനുകളിലേക്ക് എത്തുന്നു. കൂട്ടായ പരിശ്രമത്തിൽ സിനിമ രൂപപ്പെടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. നമ്മൾ മുറുകെ പിടിച്ച സംസ്‌കാരം, ചരിത്രം, സത്യം ഇതെല്ലാം ജനങ്ങളിലേക്കെത്തിക്കാൻ ഞങ്ങളുടെ ടീം അശ്രാന്തമായി പ്രവർത്തിക്കുന്നു. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോവുകയാണ്. രാമായണ ആദ്യ ഭാഗം 2026 ദീപാലിയിലും രണ്ടാം ഭാഗം 2027 ദീപാവലിയിലും പുറത്തിറങ്ങും.”- നമിത് മൽഹോത്ര കുറിച്ചു.
View this post on Instagram
സ്വർണപ്രഭ തീർത്ത മാന്ത്രിക അമ്പാണ് പോസ്റ്ററിലുള്ളത്. റിലീസ് തീയതികളും പോസ്റ്ററിൽ കാണാം. നടൻ രൺബീർ കപൂർ രാമനായി രാമയണത്തിലെത്തുമ്പോൾ നടി സായ് പല്ലവിയാണ് സീതയായി എത്തുന്നത്. കെജിഎഫിലൂടെ തരംഗം സൃഷ്ടിച്ച യാഷ് ആണ് രാവണനായി എത്തുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമ എൻഇജി വെർച്വൽ പ്രൊഡക്ഷനാണ് നിർമിക്കുന്നത്.