അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രസംഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ വാൻസ്. ഇന്ത്യക്കാരിൽ ഒരുപിടി കൗതുകമുണർത്തിയ പേര്. ഉഷ ചിലുകുരി വാൻസ്.. ആരാണിതെന്ന് നോക്കാം..
ട്രംപ് പ്രസിഡന്റാകുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ പോകുന്നത് യുഎസ് സെനറ്റർ ജെ.ഡി വാൻസ് ആണ്. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇന്ത്യൻ-അമേരിക്കനായ ഉഷ ചിലുകുരി വാൻസ്. അതായത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി Second Lady പഥത്തിലെത്തുന്ന ഇന്ത്യൻ വംശജയാവുകയാണ് ഉഷ. ആന്ധ്രാപ്രദേശിൽ വേരുകളുള്ളവൾ. യുഎസിന്റെ ദേശീയ തലത്തിലേക്ക് വാൻസ് ഉയരുന്നതിൽ നിർണായക പങ്ക് വഹിച്ച 38കാരി ഉഷ, അമേരിക്കൻ രാഷ്‌ട്രീയ വ്യവസ്ഥിതിയിൽ ഇന്ത്യൻ സംസ്കാരത്തിന്റെ സ്പർശമേകുമെന്നാണ് വിലയിരുത്തൽ.
1986ൽ യുഎസിലെ സാൻഡിയാഗോയിലേക്ക് കുടിയേറിയവരാണ് ഉഷയുടെ മാതാപിതാക്കൾ. അപ്പർ-മിഡിൽ ക്ലാസ് കുടുംബത്തിൽ വളർന്ന ഉഷയുടെ അക്കാദമിക് പശ്ചാത്തലം തിളക്കമാർന്നതാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും ഉഷ നേടി. പിന്നീട് നിയമം പഠിച്ചു. ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിലെ പ്രമുഖ സ്ഥാപനത്തിൽ കോർപ്പറേറ്റ് ലിറ്റിഗേറ്റായി സേവനമനുഷ്ഠിക്കുകയാണ് ഈ അഭിഭാഷക.
യേൽ ലോ സ്കൂളിൽ വച്ചാണ് ഉഷ തന്റെ പങ്കാളിയായ ജെ.ഡി വാൻസിനെ കണ്ടുമുട്ടുന്നത്. 2014ൽ കെന്റുക്കിയിൽ വച്ച് ഇരുവരും വിവാഹിതരായി. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. ജെ.ഡി വാൻസ് മത്സരത്തിനിറങ്ങിയപ്പോൾ ആന്ധ്രയിലെ ഗോദാവരി ജില്ലയിലുള്ള വഡ്ലുരു ഗ്രാമത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും അരങ്ങേറിയിരുന്നു. ഉഷയുടെ മാതാപിതാക്കൾ ജനിച്ചുവളർന്ന ഗ്രാമം, ഉഷയുടെ ഭർത്താവിന്റെ വിജയത്തിനായി കാതോർത്തിരുന്നു. ഉഷയുടെ വരവോടെ ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ത്യക്കും അഭിമാനമായിരിക്കുകയാണ്.