ഷിംല: ഹിമാചൽ പ്രദേശിലെ ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെയുള്ള പാർട്ടി യൂണിറ്റുകൾ പിരിച്ച് വിട്ട് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെയും രാജ്യസഭയിലെയും കനത്ത പരാജയങ്ങൾക്ക് പിന്നാലെയാണ് നടപടി. പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റ് കുൽദീപ് സിംഗ് റാത്തോഡ് ഒഴികെയുള്ള എല്ലാ അംഗങ്ങളുടെയും കമ്മിറ്റികളിലെ അംഗത്വ കാലാവധി അവസാനിച്ചു.
സംസ്ഥാനത്തെ പിസിസി, ഡിസിസി, ബിസിസി എന്നിവയുടെ എക്സിക്യൂട്ടിവ് കമ്മിറ്റികൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പിരിച്ചുവിട്ടെന്നും എന്നാൽ പിസിസി അദ്ധ്യക്ഷൻ മാറ്റമില്ലാതെ തുടരുമെന്നും ഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ്, സുഖ്‌വീന്ദർ സിംഗ് സുഖുവിനെ മാറ്റി കുൽദീപ് സിംഗിനെ പ്രസിഡന്റായി നിയമിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകളിൽ ഒരു സ്വാധീനവും ചെലുത്താനാവാതെ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. പിന്നാലെ മാണ്ഡി, കാൻഗ്ര, ഷിംല, ഹമീർപൂർ എന്നീ നാല് പാർലമെന്റ് സീറ്റുകളും കോൺഗ്രസിന് നഷ്ടമായി. സുഖ്‌വീന്ദർ സിംഗ് രൂപീകരിച്ച പഴയ ടീമിനൊപ്പം പ്രവർത്തിക്കേണ്ടി വന്നതുകൊണ്ടാണ് തോൽവി നേരിടേണ്ടി വന്നതെന്നാണ് പിസിസി അദ്ധ്യക്ഷൻ അന്ന് പറഞ്ഞത്.
എന്നാൽ അടുത്തിടെ നടന്ന ധർമ്മശാല, പഛാഡ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും വീണ്ടും കോൺഗ്രസ് പരാജയപ്പെട്ടു. ധർമ്മശാലാ സീറ്റിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് കെട്ടിവച്ച തുകപോലും തിരികെ കിട്ടിയില്ല. ഇത്രയും അപമാനകരമായ തോൽവികൾ ഏറ്റുവാങ്ങിയതോടെയാണ് സംസ്ഥാനത്തെ പാർട്ടി എക്സിക്യൂട്ടിവ് കമ്മിറ്റികൾ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ് നിർബന്ധിതമായത്.