അമരാവതി: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന്റെ വിജയത്തിലൂടെ ആന്ധ്രാപ്രദേശിനും സന്തോഷനിമിഷമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജെ ഡി വാൻസിന്റെ പത്‌നിയായ ഉഷ ചിലുകുരി വാൻസിന്റെ തെലുഗു പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു സന്തോഷം അറിയിച്ചത്. യുഎസ് സെക്കന്റ് ലേഡിയായി ഉഷ ചിലുകുരി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
” യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ വിജയം ഒരു ചരിത്രനിമിഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന്ധ്രയിൽ വേരുകളുള്ള തെലുഗു പാരമ്പര്യമുള്ള ഉഷ ചിലുകുരി വാൻസ് യുഎസ് സെക്കന്റ് ലേഡിയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തെലുഗു സമൂഹത്തെ സംബന്ധിച്ച് ഇത് ഒരു അഭിമാനനിമിഷമാണ്. ജെ ഡി വാൻസിനേയും ഉഷയേയും ആന്ധ്രപ്രദേശിലേക്ക് ക്ഷണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും” ചന്ദ്രബാബു നായിഡു കുറിച്ചു.
തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയത്തിലും അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു. ട്രംപ് നേടിയ വിജയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. ” അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയത്തിൽ അഭിനന്ദനം അറിയിക്കുകയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാനൊരുങ്ങുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്. ട്രംപ് ആദ്യം പ്രസിഡന്റ് ആയിരുന്ന സമയത്ത് ഇന്ത്യ-യുഎസ് ബന്ധം ഏറ്റവും നല്ല നിലയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, ഡോണൾഡ് ട്രംപിന്റേയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറ്റവും നല്ല രീതിയിലായിരിക്കുമെന്നും” ചന്ദ്രബാബു നായിഡു വ്യക്തമാക്കി.