മുംബൈ: സൽമാൻ ഖാന് ശേഷം മറ്റൊരു ഖാന് കൂടി വധഭീഷണി. ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വധഭീഷണി വന്നത് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടികൾ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഫോൺ വിളിച്ച യുവാവ് ഭീഷണിപ്പെടുത്തിയത്. ഫോണിന്റെ ഉടമ ഫൈസാൻ ഖാൻ എന്ന വ്യക്തിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ പൊലീസ് റായ്പൂരിലെത്തി പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി കനത്ത സുരക്ഷയിലാണ് ഷാരൂഖ് ഖാൻ കഴിയുന്നത്. ‘പത്താൻ’, ‘ജവാൻ’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തനിക്ക് വധഭീഷണിയുണ്ടെന്ന് 2023ൽ താരം അറിയിച്ചിരുന്നു. തുടർന്ന് 2023 ഒക്ടോബറിൽ ഷാരൂഖിന് Y+ സുരക്ഷ നൽകി. അന്നുമുതൽ താരത്തിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഷാരൂഖിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സൽമാൻ ഖാനെതിരെയും സമാനരീതിയിൽ വധഭീഷണികൾ ഉയർന്നിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് ഭീഷണി ലഭിച്ചത് കൂടാതെ മറ്റ് പലരിൽ നിന്നും സൽമാനെതിരെ വധഭീഷണിയുണ്ടായി. സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരാൾ അറസ്റ്റിലായിരുന്നു.















