ട്രെൻഡിംഗിനൊപ്പം പായുന്ന ലോകത്തിൽ വിവാഹ സങ്കൽപ്പങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. സ്വയം വിവാഹം കഴിച്ച് രണ്ട് നാൾ കഴിയുമ്പോൾ വിവാഹമോചനം നേടുന്നതും, റോബോട്ടിക് വിവാഹങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അത്തരത്തിൽ വീഡിയോ ഗെയിം കഥാപാത്രത്തിനൊപ്പം 6-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ജാപ്പനീസ് യുവാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഹാട്സുൺ മിക്കുവെന്ന വെർച്വൽ കഥാപാത്രത്തോട് തോന്നിയ അടങ്ങാത്ത പ്രണയമാണ് അവളെ വിവാഹം ചെയ്യാനായി അക്കിഹിക്കോ കൊണ്ടോയെ പ്രേരിപ്പിച്ചത്. 2018 ലാണ് ഇരുവരും വിവാഹിതരായതെന്നാണ് അക്കിഹിക്കോ പറയുന്നത്. ഇപ്പോൾ 6-ാം വാർഷികം ആഘോഷിക്കുകയാണെന്നും ഹാട്സുൺ മിക്കുവിനൊപ്പമുള്ള ജീവിതത്തിൽ താൻ സംതൃപ്തനാണെന്നും അക്കിഹിക്കോ പറയുന്നു.
View this post on Instagram
പഠനകാലത്ത് 7 തവണ തന്റെ പ്രണയം മറ്റുള്ള വിദ്യാർത്ഥിനികളോട് അവതരിപ്പിച്ചെങ്കിലും ഇതെല്ലാം നിരസിക്കപ്പെടുകയായിരുന്നു. ഇതിൽ പലതവണ അക്കിഹിക്കോ പരിഹസിക്കപ്പെട്ടു. പ്രണയങ്ങൾ നിരസിക്കപ്പെട്ടതിന്റെ വിഷമത്തിലിരിക്കുന്ന സമയത്താണ് 2007 ൽ ഹാട്സുൺ മിക്കുവെന്ന സാങ്കൽപിക കഥാപാത്രം റിലീസാവുന്നത്.
ആനിമേഷൻ കഥാപാത്രങ്ങളോട് പ്രത്യേക അടുപ്പമുള്ള അക്കിഹിക്കോ ഇതോടെ ഹാട്സുൺ മിക്കുവിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഹാട്സുൺ മിക്കുവിന്റെ രൂപത്തോടൊപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും അക്കിഹിക്കോ പങ്കുവച്ചു. തങ്ങളെ ആർക്കും പിരിക്കാൻ സാധിക്കില്ലെന്നാണ് യുവാവിന്റെ വാദം. യുവാവിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.















