സമൂസ, ആർക്കാണിഷ്ടമല്ലാത്തത് അല്ലേ? ഒരു കപ്പ് ചൂട് ചായും നല്ല സമൂസയും വൈകിട്ട് കഴിക്കാൻ കിട്ടിയാൽ വയറ് നിറയും ഒപ്പം മനസും. എത്ര വലിയ സമൂസ-ഫാൻ ആണെങ്കിലും ഇനി പറയാൻ പോകുന്ന നാല് കാര്യങ്ങൾ ഒരുപക്ഷെ അറിയണമെന്നില്ല. സമൂസയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ നോക്കാം..
ഉത്ഭവം ഇന്ത്യയല്ല..
ലോകത്ത് ഏറ്റവുമധികം സമൂസ കഴിക്കുന്നവർ ചിലപ്പോൾ ഇന്ത്യക്കാർ ആയിരിക്കും. എന്നുകരുതി ഇതിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് അർത്ഥമില്ല. ഭാരതീയർക്ക് ഇത്രയേറെ പ്രിയങ്കരിയായ സമൂസയുടെ ജന്മനാട് ഇറാൻ ആണ്. 10-ാം നൂറ്റാണ്ടിന് മുൻപ് Samsa എന്നാണ് ഇറാനിയൻ മേഖലകളിൽ സമൂസ അറിയപ്പെട്ടിരുന്നത്. അവിടെ നിന്ന് ഈജിപ്തിലേക്കും ലിബിയയിലേക്കും മദ്ധേഷ്യയിലേക്കും സഞ്ചരിച്ച സമൂസ, Sanbusak, Sanbusaq, Sanbusaj എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടു. പിന്നീട് മിഡിൽ-ഈസ്റ്റേൺ പാചകക്കാരാണ് ഇന്ത്യയിലേക്ക് സമൂസ കൊണ്ടുവന്നത്. അന്നത്തെ കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ യാത്രക്കാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരെ ലക്ഷ്യമിട്ട് ഡൽഹിയിൽ സമൂസ കച്ചവടം പൊടിപൊടിച്ചു. പിന്നീട് ഇന്ത്യക്കാരുടെ ഇഷ്ട വിഭവമായി മാറി.
വെജിറ്റേറിയൻ ആയിരുന്നില്ല
ഇന്നത്തെ കാലത്ത് വെജിറ്റേറിയൻ വിഭാഗക്കാർ ആശ്വാസത്തോടെ കഴിക്കുന്ന ഒന്നാണ് സമൂസ. കാരറ്റും ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങുമൊക്കെ വേവിച്ച് നിറച്ച വിഭവം. എന്നാൽ ആദ്യകാലത്ത് ഇതൊരു വെജിറ്റേറിയൻ ഡിഷ് ആയിരുന്നില്ല. ഉള്ളിൽ ഇറച്ചി വച്ചായിരുന്നു പണ്ടൊക്കെ ഇത് തയ്യാറാക്കിയിരുന്നത്. പിസ്ത, ബദാം, സവാള, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉള്ളിൽ നിറച്ച് നെയ്യിൽ വറുത്ത് കോരി സമൂസ പാകം ചെയ്തിരുന്നു.
പേരുകൾ അനവധി
Samsa, somsa, sambosa, somasi, samoosa, sambosak, sambusa, singada, samuza, somas എന്നിവയെല്ലാം സമൂസയുടെ അപരനാമങ്ങളായിരുന്നു.
പിരമിഡും സമൂസയും
സമൂസയുടെ ആകൃതിക്ക് പിരമിഡുമായി ചെറുതല്ലാത്ത ഒരു ബന്ധമുണ്ട്. അതുകൊണ്ടാണ് സമൂസയ്‌ക്ക് മദ്ധ്യേഷ്യയിൽ സംസ എന്ന പേരുവന്നതെന്നും പറയപ്പെടുന്നു.