തെന്നിന്ത്യൻ സിനിമകളിലെ ജനപ്രിയ നടൻ ദില്ലി ഗണേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിവിധ ഭാഷകളിലായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച അതുല്യ പ്രതിഭയാണെന്നും അദ്ദേഹത്തിന്റെ വേർപാടിൽ വേദനയുണ്ടെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തെന്നിന്ത്യൻ സിനിമകളിൽ മികച്ച അഭിനയപാടവം കാഴ്‌ച്ചവെച്ച അതുല്യ പ്രതിഭയായിരുന്നു പ്രിയപ്പെട്ട ദില്ലി ഗണേഷ് സർ. പതിറ്റാണ്ടുകളായി വിവിധ ഭാഷകളിൽ വ്യത്യസ്തങ്ങളായ എത്രയോ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ദേവാസുരം, കാലാപാനി, കീർത്തിചക്ര, ഇരുവർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ- എന്നാണ് മോഹൻലാൽ കുറിച്ചത്.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് മുതിർന്ന നടൻ അന്തരിച്ചത്. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
400-ലേറെ സിനിമകളിൽ അഭിനയിച്ച ദില്ലി ഗണേഷ് തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.















