മമ്മൂട്ടിയെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, സുകുമാരി, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ സിനിമയ്‌ക്ക് ബോക്സോഫീസിൽ വലിയ ഹിറ്റ് നേടാനും സാധിച്ചു. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവക്കുകയാണ് സംവിധായകൻ ലാൽജോസ്.
ഒരു മറവത്തൂർ കനവ് സിനിമയിലെ നായികയായി ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തതിനോട് മമ്മൂട്ടിയ്‌ക്ക് എതിർപ്പുണ്ടായിരുന്നു. കാരണം, ദിവ്യ ഉണ്ണി അദ്ദേഹത്തിന്റെ മകളോടൊപ്പം കോളേജിൽ പഠിച്ചിട്ടുണ്ട്. അത്രയും ചെറിയ കുട്ടി തന്റെ നായികയായി അഭിനയിക്കുന്നത് മമ്മൂക്കയ്‌ക്ക് പ്രശ്നമായിരുന്നു. ദിവ്യ ഉണ്ണി തന്റെ നായികയായി എത്തുമ്പോൾ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്ന് അദ്ദേഹത്തിന് വലിയ ടെൻഷൻ ഉണ്ടായിരുന്നു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
നായികയായി തമിഴിലെ റോജയുടെ പേര് മമ്മൂക്ക നിർദേശിച്ചു. പക്ഷേ ഞാൻ ദിവ്യയ്‌ക്ക് അഡ്വാൻസ് കൊടുത്തിരുന്നു. പിന്നെ ആ സിനിമയിൽ മമ്മൂക്കയും ദിവ്യ ഉണ്ണിയും തമ്മിൽ ലൗ സീനൊന്നുമില്ല. ഒരു മറവത്തൂർ കനവിലെ ആനിയ്‌ക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത് ആരോടും പറയാതെ മനസിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ഇഷ്ടം മാത്രമായിരുന്നു.
മമ്മൂക്കയുടെയും ദിവ്യ ഉണ്ണിയുടെയും പ്രായവ്യത്യാസം ഒരു പ്രശ്നമാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഒരുപാട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മമ്മൂട്ടി ഒട്ടും സന്തോഷത്തിലല്ലായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.















