ക്വിറ്റോ: 22 കാരനായ ഇക്വഡോർ ഫുട്ബോൾ താരം മാർക്കോ അംഗുലോ അന്തരിച്ചു. ആഴ്ചകൾക്ക് മുൻപുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനാണ് മാർക്കോയുടെ മരണവാർത്ത അറിയിച്ചത്.
കഴിഞ്ഞ ഒരു മാസമായി തലസ്ഥാനമായ ക്വിറ്റോയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഒക്ടോബർ ഏഴിന് പുലർച്ചെ ക്വിറ്റോയിലെ ഹൈവേയിലുണ്ടായ അപകടത്തിൽ അമിതവേഗത്തിലെത്തിയ മാർക്കോയുടെ കാർ റോഡിലെ സംരക്ഷണ ഭിത്തിയിലിടിച്ച് തകരുകയായിരുന്നു. അപകടത്തിൽ താരത്തിനൊപ്പം സഞ്ചരിച്ചിരുന്ന 4 പേരിൽ 2 പേർ നേരത്തെ മരണപ്പെട്ടിരുന്നു.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ രണ്ട് തവണ ഇക്വഡോറിനായി കളിച്ചു. 2023 നവംബറിൽ ഇറാനെതിരെയായിരുന്നു അരങ്ങേറ്റം. കോപ്പ ഇക്വഡോർ, കോപ്പ സുഡാമേരിക്കാന, ഇക്വഡോറിയൻ ലീഗ് കിരീടം എന്നിവ നേടിയ ഇൻഡിപെൻഡെൻറ്റെ ഡെൽ വാലെയിലാണ് അംഗുലോ തന്റെ കരിയർ ആരംഭിച്ചത്. മേജർ ലീഗ് സോക്കർ ടീമായ എഫ്‌സി സിൻസിനാറ്റിയിൽ നിന്ന് LDU ക്വിറ്റോയിലേക്ക് ലോണിലെത്തിയിരുന്നു.