ന്യൂഡൽഹി: 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ആദ്യത്തെ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും സേനയുടെ വർദ്ധിച്ചുവരുന്ന ചുമതലകൾ കണക്കിലെടുത്താണ് തീരുമാനം. ന്യൂഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചു.
സീനിയർ കമാൻഡൻ്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ ആകെ 1,025 ഉദ്യോഗസ്ഥരുള്ള പ്രത്യേക വനിതാ റിസർവ് യൂണിറ്റിന് അംഗീകാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ആഴ്ച അനുമതി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള സിഐഎസ്എഫിന്റെ അംഗബലത്തിൽ നിന്നാണ് പുതിയ ബറ്റാലിയൻ രൂപീകരിക്കുന്നത്.
വിഐപി സുരക്ഷ, എയർപോർട്ട് സുരക്ഷ, ഡൽഹി മെട്രോ റെയിൽ ചുമതലകൾ, തെരഞ്ഞെടുപ്പ് സമയത്തെ താത്കാലിക ചുമതലകൾ എന്നിങ്ങനെയുള്ള വിവിധ ഉത്തരവാദിത്തങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യം പ്രത്യേക പരിശീലനത്തിലൂടെ ബറ്റാലിയന് ലഭ്യമാക്കും. നിലവിൽ 12 റിസർവ് ബറ്റാലിയനുകളാണ് സിഐഎസ്എഫിലുള്ളത്.
68 സിവിൽ എയർപോർട്ടുകൾ, ഡൽഹി മെട്രോ, ചരിത്ര സ്മാരകങ്ങളായ താജ്മഹൽ, ചെങ്കോട്ട എന്നിവിടങ്ങളിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും വനിതകളാണ്. എന്നാൽ വനിതകൾക്ക് മാത്രമായുള്ള റിസർവ് ബറ്റാലിയൻ വേണമെന്ന സേനയുടെ ആവശ്യമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ ആണവ, ബഹിരാകാശ കേന്ദ്രങ്ങൾ, ബെംഗളൂരുവിലെയും പുനെയിലെയും ഇൻഫോസിസ് ഓഫീസുകൾ എന്നിവിടങ്ങളിലും ഗുജറാത്തിലെ ജാമ്‌നഗറിലെ റിലയൻസ് റിഫൈനറി ഉൾപ്പെടയുള്ള സ്വകാര്യമേഖലാ കേന്ദ്രങ്ങൾക്കും സിഐഎസ്എഫ് സുരക്ഷ ചുമതല വഹിക്കുന്നുണ്ട്.