കോട്ടയം: ചങ്ങനാശേരിയിൽ ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 52 ഗ്രാം ബ്രൗൺ ഷുഗർ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മുബാറക് അലിയാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാൾ ലഹരിമരുന്നുകൾ എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവാക്കൾക്കും മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്കും ചെറിയ പൊതികളിലാക്കിയാണ് ഇയാൾ ലഹരി മരുന്നുകൾ വിറ്റിരുന്നത്. ഇത്തരത്തിൽ കഞ്ചാവ് വിൽപ്പനയ്‌ക്കായി മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുവെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുബാറക് പിടിയിലാവുകയായിരുന്നു.
ഓരോ പൊതിക്കും 500 രൂപ വീതമാണ് ഇയാൾ ഈടാക്കിയിരുന്നത്. ചങ്ങനാശേരി തെങ്ങണയിൽ ഇയാൾ താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 35,000 രൂപയും കണ്ടെടുത്തു.