മുംബൈ: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. കർണാടകയിൽ നിന്നാണ് യൂട്യൂബറായ സൊഹൈൽ പാഷയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘത്തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൊഹൈൽ പാഷ ഭീഷണി സന്ദേശങ്ങൾ അയയ്‌ക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കർണാടകയിലെ റായ്ചൂർ സ്വദേശിയായ ഇയാൾ ഒരു പാട്ട് എഴുതിയിരുന്നുവെന്നും, പ്രശസ്തനാകാൻ വേണ്ടിയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചതെന്നും പൊലീസ് പറയുന്നു. ഈ മാസം ഏഴിനാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സൊഹൈൽ പാഷ ഒന്നിലധികം തവണ ഭീഷണി സന്ദേശങ്ങൾ അയച്ചത്. താൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്നും അഞ്ച് കോടി രൂപ തന്നില്ലെങ്കിൽ സൽമാനെ വധിക്കുമെന്നുമായിരുന്നു ഭീഷണി.
ഇതിന് പുറമെ ‘മേം സിക്കന്ദർ ഹൂ’ എന്ന ഗാനത്തിന്റെ രചയിതാവിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ ഗാനം രചിച്ചത് സൊഹൈൽ തന്നെയാണ്. പാട്ട് പ്രശസ്തമാകുന്നതിന് വേണ്ടിയാണ്, പ്രശസ്തനായ ഒരു വ്യക്തിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സൽമാന്റെ പേരിനൊപ്പം ഈ ഗാനവും രചയിതാവിന്റെ പേരും കൂടി വരുമ്പോൾ ആളുകൾ പാട്ട് കേൾക്കുമെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിലാണ് റായ്ചൂരിൽ നിന്നാണ് സന്ദേശങ്ങൾ എത്തിയതെന്ന് കണ്ടെത്തിയത്. വെങ്കിടേശ് നാരായണൻ എന്നയാളുടേത് ആയിരുന്നു ഈ നമ്പർ. ഇദ്ദേഹത്തിന്റെ ഫോണില്‍ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാളേഷൻ ഒടിപി ലഭിച്ചതായി പൊലീസ് കണ്ടെത്തി.
തുടർന്ന് വെങ്കിടേശിനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു അപരിചിതനായ വ്യക്തി ഫോൺ ചെയ്യുന്നതിനായി തന്നെ സമീപിച്ചതായി ഇദ്ദേഹം പറഞ്ഞത്. വെങ്കിടേശിന്റെ നമ്പർ ഉപയോഗിച്ച് സൊഹൈൽ ഖാൻ സ്വന്തം ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം റായ്ചൂരിലെ മാനവി ഗ്രാമത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. സൊഹൈലിനെ മുംബൈലെത്തിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിന് വർളി പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.