പ്രകൃതിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഇടിമിന്നലിനെയും പേമാരിയേയുമൊക്കെ നിയന്ത്രിക്കാൻ മനുഷ്യനാകുമോ? കൃത്രിമ മഴ പെയ്യിക്കുന്നത് പോലെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ശാസ്ത്രലോകം. ‘മിഷൻ മൗസം’ (Mission Mausam) എന്ന പേരിലുള്ള ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാകും പഠനത്തിനും പദ്ധതിക്കും ചുക്കാൻ പിടിക്കുക.
മിഷൻ മൗസത്തിനായി കേന്ദ്രം 2,000 കോടി രൂപയാണ് അനുവദിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷം നീണ്ടുനിൽക്കുന്നതാണ് ദൗത്യം. മെച്ചപ്പെട്ട കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാനുള്ള സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് പോലുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. മേഘങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിനുള്ള പരീക്ഷണശാലയായ ക്ലൗഡ് ചേംബർ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലാണ് സ്ഥാപിക്കുന്നത്. 18 മാസത്തിനകം ഇത് യാഥാർത്ഥ്യമാക്കുമെന്ന് പദ്ധതിയുടെ ഡയറക്ടർ ഡോ. താര പ്രഭാകരൻ പറഞ്ഞു.
50 ഡോപ്ലർ വെതർ റഡാറുകൾ (DWR), 60 റേഡിയോ സോൻഡെ/റേഡിയോ വിൻഡ് സ്റ്റേഷനുകൾ, 100 ഡിസ്‌ഡ്രോമീറ്ററുകൾ, 10 മറൈൻ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ സമഗ്രമായ കാലാവസ്ഥാ നിരീക്ഷണ ഇൻഫ്രാസ്ട്രക്ചർ ദൗത്യം സ്ഥാപിക്കും. നഗരമേഖലയിൽ ടെസ്റ്റ്ബെഡ്, സമുദ്ര നിരീക്ഷണ കേന്ദ്രം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ടാകും. കാലാവസ്ഥയെ പിടിച്ചുകെട്ടാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതിയലൂടെ പ്രകടമാകുന്നത്. 2026-ഓടെ രാജ്യത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനം പുത്തൻ ഉയരങ്ങളിലെത്തുമെന്നാണ് വിലയിരുത്തൽ.