ന്യൂയോർക്ക്: പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതല ഇലോൺ മസ്‌കിന് നൽകി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയും പുതുതായി രൂപീകരിച്ച ‘യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ’ ചുമതല വഹിക്കും. പുതിയ സർക്കാരിൽ മസ്‌കിന് നിർണായക പങ്കാളിത്തമുണ്ടാകുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
” വിവേക് രാമസ്വാമിയും ഇലോൺ മസ്‌കുമാണ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പ് ഇനി കൈകാര്യം ചെയ്യുന്നത്. ഇവർ രണ്ട് പേരും ചേർന്ന് അമിത നിയന്ത്രണങ്ങൾ ഒഴിവാക്കിയും, പാഴ് ചെലവുകൾ വെട്ടിക്കുറിച്ചും, ഫെഡറൽ ഏജൻസികളെ പുന:ക്രമീകരിച്ചുമെല്ലാം ഞാൻ നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് വഴിയൊരുക്കും. ‘സേവ് അമേരിക്ക’ മൂവ്‌മെന്റിന് ഇത് വളരെ അത്യാവശ്യമാണ്.
കാര്യക്ഷമതയെ മുൻനിർത്തിയായിരിക്കും ഓരോ മാറ്റങ്ങളും വരുത്തുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളുടേയും ജീവിതം ഇതുവഴി മെച്ചപ്പെടുമെന്നും” ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും എതിരാളിയുമായ കമലാ ഹാരിസിനെ 69 ഇലക്ടറൽ വോട്ടുകൾക്കാണ് ട്രംപ് പരാജയപ്പെടുത്തിയത്. വിജയം നേടിയതിന് പിന്നാലെ ട്രംപ് മസ്‌കിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഫിലാഡൽഫിയയിലും പെൻസിൽവാനിയയിലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് സമയം ചെലവഴിച്ച കാര്യമുൾപ്പെടെ ട്രംപ് എടുത്ത് പറഞ്ഞിരുന്നു.
ട്രംപിന്റെ ഉറച്ച അനുയായിയായ മസ്‌ക് ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്‌നിന്റെ പ്രധാന ഭാഗമായിരുന്നു. 100 മില്യൺ ഡോളറിലധികമാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് സംഭാവന ചെയ്തത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപിനൊപ്പം മസ്‌കും ചേർന്നിരുന്നു.