ജോർജ്ടൗൺ: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഗായനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ. ടീമിന്റെ മുൻ ലോകകപ്പ് ജേതാവ് ക്ലൈവ് ലോയ്ഡ്, ബാറ്റർ ആൽവിൻ കാളിചരൺ, മുൻ സ്പിന്നർ ദേവേന്ദ്ര ബിഷു
എന്നിവർ പ്രധാനമന്ത്രിയുമായി സംവദിച്ചു. 56 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽ വിമാനമിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കരീബിയൻ നേതാക്കൾ പങ്കെടുത്ത കാരികോം ഉച്ചകോടിയിൽ മോദി സഹ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
ക്രിക്കറ്റ് പരിപോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്പര്യം ചൂണ്ടിക്കാട്ടിയ ക്ലൈവ് ലോയ്ഡ് ഗയാനയിൽ നിന്നുള്ള കളിക്കാർക്ക് ഇന്ത്യയിൽ പരിശീലനത്തിന് അവസരം ലഭിക്കുമെന്ന് മോദി ഉറപ്പ് നൽകിയതായും മാദ്ധ്യമങ്ങളോട് പറഞ്ഞു. “അദ്ദേഹവുമായി നല്ലൊരു സംഭാഷണമാണ് നടന്നത്. നമ്മുടെ 11 കളിക്കാരെ ഇന്ത്യയിൽ പരിശീലനം നൽകാമെന്ന് മോദി ഉറപ്പുനൽകി. അദ്ദേഹത്തെപോലെയുള്ള പ്രധാനമന്ത്രിയാണ് നമുക്കാവശ്യം,” ക്ലൈവ് ലിയോഡ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് വളരെ സവിശേഷമാണെന്ന് ആൽവിൻ കാളിചരണും പ്രതികരിച്ചു. അദ്ദേഹത്തിന് വെസ്റ്റ് ഇൻഡീസ് കളിക്കാരെയും ഇന്ത്യയുമായുള്ള കളികളുമെല്ലാം ഓർമയുണ്ട്. യുവക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാൻ ഇന്ത്യ നൽകുന്ന സഹായം വിലപ്പെട്ടതാണെന്നും കാളിചരൺ പറഞ്ഞു.1975ലും 1979ലും ടീമിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ് ആൽവിൻ കാളിചരൺ. ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് മോദിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് സ്പിന്നർ ദേവേന്ദ്ര ബിഷുവും അഭിപ്രായപ്പെട്ടു.















