ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ഹൈന്ദവ ആത്മീയ നേതാവും ഇസ്‌കോണിലെ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ ജാമ്യാപേക്ഷ തള്ളി ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. ഇന്നലെയാണ് ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവത്തിൽ നിന്നും പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിഷേധ പരിപാടികൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യദ്രോഹക്കുറ്റം ശരിവച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീൻ അടക്കമുള്ളവർ ചിന്മയ് കൃഷ്ണദാസിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട്, പ്രതിഷേധം നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇസ്‌കോൺ ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സർക്കാരിനോട് ചിന്മയ് കൃഷ്ണദാസിന്റെ മോചനത്തെക്കുറിച്ച് സംസാരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.















