പെൺകുഞ്ഞിനെ അമ്മ ഡ്രോയറിൽ ഒളിപ്പിച്ചത് മൂന്ന് വർഷം! യുകെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പങ്കാളിയിൽ നിന്നും മറ്റ് മൂന്ന് മക്കളിൽ നിന്നും മറച്ച് വയ്‌ക്കാനാണ് യുവതി നവജാത ശിശുവിനെ ഡ്രോയറിൽ ഒളിപ്പിച്ചത്. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് യുവതിയെ ഏഴര വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ദിവസം പോലും കുട്ടി ശുദ്ധവായു ശ്വസിച്ചിട്ടില്ല. പെൺകുട്ടിക്ക് പോഷകഹാരക്കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സിറഞ്ചിലൂടെയാണ് യുവതി കുഞ്ഞിന് ആഹാരം നൽകിയിരുന്നത്. അമ്മയുടെ രഹസ്യമാക്കി വയ്‌ക്കൽ കുഞ്ഞിന്റെ ഭാവിയെ തന്നെ സാരമായി ബാധിച്ചെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹികമായും ശാരീരികമായും മാനസികമായും ലഭിക്കേണ്ട കാര്യങ്ങൾ കുഞ്ഞിന് നഷ്ടമായി. ജീവനുള്ള മരണമാണ് കുട്ടി വരിച്ച് കൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു. മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരുന്നതും സാമൂഹവത്കരിക്കപ്പെടാതിരുന്നതും കുറ്റകരമാണെന്നും ജഡ്ജി പറഞ്ഞു.
ടോയ്ലറ്റ് ഉപയോഗിക്കാനായി യുവതിയുടെ മുറിയിൽ കയറിയ പങ്കാളിയാണ് ഡ്രോയറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തിയത്. യുവതി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിക്ക് വൈകല്യങ്ങളും ആരോഗ്യ പ്രശ്നങ്ങളുമുള്ളതായി പങ്കാളി കണ്ടെത്തി. പിന്നീട് ഇയാൾ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. യുവതി ജോലിക്ക് പോകുമ്പോഴും കുട്ടികളെ സ്കൂളിൽ അയക്കാനായി പോകുമ്പോഴൊക്കെ കുഞ്ഞിനെ തനിച്ചാക്കിയാണ് യുവതി പോയിരുന്നത്.
സ്നേഹവും, വാത്സല്യം, ശ്രദ്ധ, മറ്റുള്ളവരുമായുള്ള ഇടപെടൽ, ഭക്ഷണം എന്നിവയും വൈദ്യസഹായവും കുട്ടിക്ക് നിഷേധിച്ചു. കഴിയുന്നത്ര കാലം കുഞ്ഞിനെ ഒളിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ജഡ്ജി പറഞ്ഞു. വളരെ ഭയനാകമായ സംഭവമാണിതെന്നും കുഞ്ഞിന്റെ ആദ്യകാലം മുതൽ അവകാശങ്ങൾ നിഷേധിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.















