കൊച്ചി: മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ – പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പാടില്ലെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഈ പാതകളിലൂടെ ഭക്തർ സഞ്ചരിക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. അയ്യപ്പ ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ജില്ലാ കളക്ടർമാരോട് കോടതി നിർദേശിച്ചു. നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം യഥാസമയം ഭക്തരെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
വനമേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്നലെ രാത്രി പമ്പയിൽ ഇറങ്ങി കുളിക്കുന്നതിന് തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ശബരിമല എഡിഎം അരുൺ എസ് നായർ വിലക്ക് നീക്കുകയും ചെയ്തു. പമ്പയിൽ ഇറങ്ങി കുളിയുമ്പോൾ ഭക്തർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വിലക്ക് നീക്കിയത്. പോലീസ് ഫയർ ഫോഴ്സ്, എൻഡിആർഎഫ്, ആർഎഎഫ് സംഘങ്ങളെ പമ്പയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പല പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന പാതയിൽ പലയിടത്തും വഴുക്കലുണ്ട്. ഇതുവഴി കയറുന്ന തീർത്ഥാടകരും ദർശനം കഴിഞ്ഞ് മടങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.















