ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് ആദരമര്‍പ്പിക്കാന്‍ രാജ്യത്തെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ആദ്യ പകുതിയിലെ പത്താം മിനിറ്റിലാണ് കളി നിര്‍ത്തിവെക്കുക. റഫറി മത്സരം നിര്‍ത്തിയ ശേഷം താരങ്ങളും ആരാധകരും ഒരു മിനിറ്റ് കൈയടിച്ച് മെസ്സിയുടെ കരിയറിനും രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ക്കും ആദരം അര്‍പ്പിക്കും. അര്‍ജന്റീനയ്‌ക്കായി മെസ്സി ധരിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്‌സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പുരുഷ-വനിതാ വിഭാഗങ്ങളിലെ 11-എ-സൈഡ് മത്സരങ്ങള്‍ക്ക് പുറമെ ഫുട്‌സാല്‍, ബീച്ച് സോക്കര്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളിലും ആദരസൂചകമായ നിര്‍ത്തിവെക്കല്‍ ഉണ്ടാകും. ആദ്യ പകുതിയില്‍ പത്ത് മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ മത്സരം ഒരു മിനിറ്റ് നിര്‍ത്തിവെക്കാനാണ് തീരുമാനം. സ്‌ക്രീന്‍ സൗകര്യമുള്ള സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെസ്സിയുടെ കരിയറിലെ പ്രധാന ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഏകദേശം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയയപ്പ് വീഡിയോയും പ്രദര്‍ശിപ്പിക്കും.
2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സിയുടെ ദേശീയ ടീമിലെ കരിയറിന് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന പ്രത്യേക ആദരമായാണ് ഈ നീക്കം. മെസ്സിയുടെ വിരമിക്കല്‍ ദേശീയ ടീമിന് വലിയ നഷ്ടമാണെന്ന് അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലേയ് പ്രതികരിച്ചു. മെസ്സിയുടെ തീരുമാനം മനസിലാക്കാവുന്നതാണെങ്കിലും ദേശീയ ടീമിനെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ജന്റീന ഫുട്‌ബോളില്‍ മെസ്സിയുടെ പത്താം നമ്പര്‍ ജേഴ്‌സിക്ക് ലഭിച്ചിട്ടുള്ള പ്രത്യേക സ്ഥാനത്തിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്നതായിരിക്കും ഇനി ഓരോ മത്സരത്തിലെയും ആ പത്താം മിനിറ്റ്.















