ഹിന്ദു മല്ലു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്.
ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഹിന്ദു മല്ലു എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് കെ ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ദീപാവലി ആശംസകൾ അറിയിക്കാൻ വേണ്ടിയുളള ഗ്രൂപ്പാണെന്നും ചില ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ സംഭവത്തിന്റെ പേരിൽ കെ ഗോപാലകൃഷ്ണനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.
മറ്റാരെങ്കിലും പരാതി നൽകിയാൽ കേസ് നിലനിൽക്കില്ലെന്നും ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ നിലനിൽക്കൂവെന്നാണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ നൽകിയ റിപ്പോർട്ട്. കൊല്ലം ഡിസിസി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി.
ഗ്രൂപ്പിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുളള സന്ദേശങ്ങൾ ഒന്നും വന്നിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ചില മുൻകാല വിധികൾ കൂടി ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാനാകില്ലെന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്.
നേരത്തെ ഡിസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലും കേസെടുക്കാനാകില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ആയിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശം.