പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മാതാപിതാക്കൾ പൊലീസിന് വിശദമായ മൊഴി നൽകി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലെത്തിയാണ് സജീവും കുടുംബവും മൊഴി നൽകിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച സംബന്ധിച്ചും മൊഴി നൽകിയതായി സജീവ് പറഞ്ഞു.
” നിസാരമായി പരിഹരിക്കാവുന്ന വിഷയം കോളേജാണ് വലുതാക്കിയത്. അമ്മുവിനെ പ്രധാനമായും മൂന്ന് സഹപാഠികളാണ് ഉപദ്രവിച്ചത്. മറ്റ് സഹപാഠികളെയും ചോദ്യം ചെയ്യണം. പൊലീസ് അവരെയും ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ സംശയങ്ങളെല്ലാം പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്.”- സജീവ് പറഞ്ഞു.
മകൾ ഒരിക്കലും ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ സാധ്യത ഇല്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും മൊഴി എടുത്തിട്ടുണ്ട്. മകൾക്കും തങ്ങളുടെ കുടുംബത്തിനും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവ് വ്യക്തമാക്കി.
നവംബർ 15 നാണ് ചുട്ടിപ്പാറ എസ് എംഇ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മുവുമായി ഇവർക്ക് വാക്കുതർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ വിദ്യാർത്ഥികളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.