കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സഹപ്രവർത്തകർക്ക് നിർദേശങ്ങളുമായി ഇസ്‌കോൺ കൊൽക്കത്ത. അക്രമികളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി കുങ്കുമം തൊടുന്നത് ഒഴിവാക്കുക, തുളസീമാലകൾ മറച്ചുവയ്‌ക്കുക, തിലകക്കുറി തൊടാതിരിക്കുക, മുണ്ഡനം ചെയ്ത തല മറയ്‌ക്കുക തുടങ്ങിയ ഉപദേശങ്ങളാണ് നൽകിയിരിക്കുന്നത്.
വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്നും ക്ഷേത്രത്തിനോ വീടിനോ പുറത്തുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് താൻ പറയാറുണ്ടെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരമൺ ദാസ് പറയുന്നു. ” ഇതൊരു പ്രതിസന്ധി ഘട്ടമാണ്. ഈ സമയം ഇസ്‌കോണിലെ എല്ലാ സന്യാസിമാരും അംഗങ്ങളും സ്വയം സംരക്ഷണത്തിന് വേണ്ടിയുള്ള മുൻകരുതലുകൾ കൂടി സ്വീകരിക്കേണ്ടതാണ്. സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കാവി വസ്ത്രം ധരിക്കുന്നതും, ഭസ്മം തൊടുന്നതുമെല്ലാം താത്കാലികമായി ഒഴിവാക്കണമെന്ന് ഞാൻ അവർക്ക് നിർദ്ദേശം നൽകി. കുങ്കുമം തൊടണമെന്നും ചരടുകൾ ധരിക്കണമെന്നും അവർക്ക് തോന്നിയാൽ അത് വസ്ത്രത്തിനുള്ളിൽ ആരും കാണാത്ത രീതിയിൽ ഉപയോഗിക്കാനാണ് പറഞ്ഞിരിക്കുന്നത്. സാധിക്കുമെങ്കിൽ മുണ്ഡനം ചെയ്ത തല മറച്ചു വയ്‌ക്കണമെന്നും അവരെ അറിയിച്ചിട്ടുണ്ട്. അതുവഴി അവർ സന്യാസിമാരാണെന്ന് ആർക്കും മനസിലാവുകയില്ല. നിരവധി ആളുകൾക്ക് താൻ ഇതേ ഉപദേശം നൽകിയിട്ടുണ്ടെന്നും” അദ്ദേഹം പറയുന്നു. ഇസ്‌കോൺ സന്യാസിമാരെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായതോടെയാണ് ഇത്തരത്തിലുളള നിർദ്ദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.