തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് നടപടി. മധുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു.
മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി. ജോയ് അഭിപ്രായപ്പെട്ടു. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു.
പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധുവും നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്. തന്റെ കൂടെ പാർട്ടി വിടാൻ മകൻ പോലും ഉണ്ടാകില്ലെന്നാണ് ചില നേതാക്കൾ പറയുന്നതെന്നും ആരൊക്കെയുണ്ടാകുമെന്ന് കാണാമെന്നും മധു പറഞ്ഞിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് എത്തുമെന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിയോടെ നടത്തുമെന്നും മധു അറിയിച്ചിട്ടുണ്ട്.