ന്യൂഡൽഹി: ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് മെയ് 18-ന് നടക്കും. ഒന്നാം പേപ്പർ രാവിലെ ഒൻപത് മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്‌ക്ക് ശേഷം 2.30 മുതൽ 5.30 വരെയും നടക്കും. എൻടിഎയുടെ ജെഇഇ മെയിൻ ബിഇ/ ബിടെക് പേപ്പറിൽ വിവിധ കാറ്റഗറികളിൽ ഏറ്റവും മുകളിലെത്തുന്ന 2.50 ലക്ഷം പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് jeeadv.ac.in സന്ദർശിക്കുക.
2023, 24 വർഷങ്ങളിൽ 12-ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും 2025-ൽ എഴുതുന്നവർക്കും ഇക്കുറി ജെഇഇ അഡ്വാൻസ്ഡിൽ പങ്കെടുക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 2023-ൽ 12-ാം ക്ലാസ് പരീക്ഷയെഴുതിയവർക്ക് ഇനി ജെഇഇ അഡ്വാൻസ്ഡ് എഴുതാനാകില്ല.
2022-23 അധ്യയനവർഷത്തെ 12-ാം ക്ലാസ് ഫലം 2023 സെപ്റ്റംബർ 21-നോ ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കിൽ ജെഇഇ അഡ്വാൻസ്ഡിന്റെ ഭാഗമാകാം. 23 ഐഐടികളിലെ ബിടെക്/ബിഎസ്/ ബിആർക്/ ഡ്യുവൽ ബിടെക് പ്രോഗ്രാമുകളിലേക്കാണ് ജെഇഇ അഡ്വാൻസ്ഡ് വഴി പ്രവേശനം. ഐഐടി കാൻപൂരാണ് പരീക്ഷ നടത്തുന്നത്.
2000 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്കാണ് പരീക്ഷയെഴുതാൻ അവസരം. പട്ടിക വിഭാഗക്കാർക്കും ദിവ്യാംഗർക്കും അഞ്ച് വർഷം ഇളവുണ്ട്. 2021 മാർച്ച് നാലിനോ അതിന് ശേഷമോ കാർഡ് കിട്ടിയ ഒസിഐ/ പിഐഒ വിഭാഗക്കാരെ പ്രവേശനത്തിന് വിദേശകളായി കരുതും. ഇന്ത്യയിലോ മറ്റ് രാജ്യത്തോ പ്ലസ്ടുവിൽ പഠിച്ച വിദേശികൾക്ക് ജെഇഇ മെയിൻ എഴുതാതെ നേരിട്ട് അഡ്വാൻസ്ഡിന് ഭാഗമാകാം.