ഭാര്യ ഉഷയുടെ കുടുംബത്തോടൊപ്പമുള്ള നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ആശാ ജഡേജ മോട്‌വാനിയാണ് ചിത്രം പങ്കുവെച്ചത്. വലിയ ഇന്ത്യൻ വിവാഹത്തിന്റെ സ്മരണയ്‌ക്ക്… എന്ന അടിക്കുറിപ്പൊടെയാണ് പോസ്റ്റ്.
നീല ടീ ഷർട്ടും ജീൻസും ധരിച്ച് മകനെ തോളിലേറ്റി നിൽക്കുന്ന വാൻസിനെ ചിത്രങ്ങളിൽ കാണാം. മഞ്ഞ കലർന്ന തവിട്ട് നിറത്തിലുള്ള വസ്ത്രം ധരിച്ച് കുഞ്ഞിനെ എടുത്ത് നിൽക്കുകയാണ് ഭാര്യ ഉഷ വാൻസ്. വയോജനങ്ങൾ മുതൽ കുട്ടികൾ വരെയായി 21 ലധികം കുടുംബാംഗങ്ങളെ ചിത്രത്തിൽ കാണാം.
ഒഹായോ സെനറ്ററുടെ കുടുംബത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുടെ കുത്തൊഴുക്കാണ് സോഷ്യൽ മീഡിയയിൽ. തനി ഇന്ത്യക്കാരനായി മകനെ തോളിലേറ്റി നിൽക്കുന്ന വാൻസിനാണ് കൂടുതൽ ഫാൻസ്. ഭാര്യയുടെ ഇന്ത്യൻ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന വാൻസിനോട് ബഹുമാനമുണ്ടെന്നാണ് ഒരാൾ എഴുതിയത്.
ആന്ധ്രയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് ഉഷ ചിലകുരിയുടെ മാതാപിതാക്കൾ. ഉഷയെ പരിചയപ്പെട്ടതിന് ശേഷം ഹിന്ദുമതത്തിലേക്ക് ആകർഷിക്കപ്പെട്ട വാൻസ്, ഇന്ത്യൻ പാരമ്പര്യങ്ങളെയും ഭക്ഷണരീതികളെയും മുറുകെപിടിക്കുകയും ചെയ്തിരുന്നു. ഉഷയുടെ അമ്മയാണ് വാൻസിന് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തിയതും അവ പാചകം ചെയ്യാൻ പഠിപ്പിച്ചതും.